07 December Saturday

കാർ പിരിവ‌് ന്യായീകരിച്ച‌് മതിയായി; പിന്മാറി ; പണം തിരിച്ചുനൽകുമെന്ന‌് യൂത്ത‌് കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019


രമ്യ ഹരിദാസ് എംപിക്ക‌് കാർ വാങ്ങാൻ പണപ്പിരിവിനിറങ്ങിയ യൂത്ത‌് കോൺഗ്രസുകാർ അവസാനം നാണംകെട്ട‌് പിന്മാറി. കാര്‍ സ്വീകരിക്കുമെന്ന് നിലപാടെടുത്ത രമ്യ ഒടുവിൽ വേണ്ടെന്നുവച്ചു. എംപിമാർക്ക‌് വാഹനവായ‌്പ ലിഭിക്കുമെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതോടെയാണ‌് പിന്മാറ്റം. 1000 രൂപയുടെ കൂപ്പൺ അടിച്ച‌ായിരുന്നു പിരിവ‌്. 14,000 കൂപ്പൺ അച്ചടിച്ച‌് ഒന്നേകാൽ കോടി പിരിക്കാൻ ലക്ഷ്യമിട്ടുവെന്ന വിവരം  പുറത്തായതും പിന്മാറ്റത്തിന‌് കാരണമായി.

ഇതുവരെ പിരിച്ച പണം എന്തുചെയ്യുമെന്നതിലും വ്യക്തതയില്ല. രമ്യ സാമ്പത്തികമായി പിന്നോക്കമായ കുടുംബത്തിലെ അംഗമാണെന്ന‌് തെറ്റിദ്ധരിപ്പിച്ചാണ‌് പിരിവുതുടങ്ങിയത‌്. എന്നാൽ 11.52 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നും കുന്നമംഗലം ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റെന്ന നിലയിൽ എല്ലാ ആനുകൂല്യങ്ങളും വാങ്ങിയിട്ടുണ്ടെന്നും വ്യക്തമായിരുന്നു. വായ‌്പ ലഭിക്കാൻ സാഹചര്യമില്ലെന്ന വാദവും പൊളിഞ്ഞു. പത്രിക നൽകുമ്പോൾ ഒരു ബാധ്യതയും ഇല്ലെന്ന‌് സത്യവാങ‌്മൂലവും നൽകിയിട്ടുണ്ട‌്.

പണം തിരിച്ചുനൽകുമെന്ന‌് യൂത്ത‌് കോൺഗ്രസ‌്
രമ്യ ഹരിദാസ് എംപിക്ക് വാഹനം വാങ്ങാൻ നാട്ടുകാരിൽനിന്ന‌് പിരിച്ച പണം അവർക്കുതന്നെ തിരികെ നൽകുമെന്ന‌് യൂത്ത‌് കോൺഗ്രസ‌്.  ഇതുവരെ 6.13 ലക്ഷം രൂപയാണ‌് പിരിച്ചത‌്.  ആഗസ‌്ത‌് ഒമ്പതിന‌് രമേശ‌് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടിക്ക‌ുശേഷം തിരിച്ചുകൊടുക്കുന്ന കാര്യം തീരുമാനിക്കും. ആഗസ‌്ത‌് 11ന‌് മുഴുവൻ രശീതിയും തിരിച്ചുവാങ്ങും–-  ആലത്തൂർ പാർലമെന്റ‌് മണ്ഡലം പ്രസിഡന്റ‌് പാളയം പ്രദീപ‌് വടക്കഞ്ചേരിയിൽ വാർത്താലേഖകരോട‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top