25 August Sunday

ബാഗും വേണ്ട, പുസ‌്തകവും വേണ്ട, ഇവിടെ പഠനം മധുരം

പി ഒ ഷീജUpdated: Sunday Jun 23, 2019


ബാഗും വേണ്ട,  വാട്ടർ ബോട്ടിലും  ചോറ്റുപാത്രവും വേണ്ട. കുളിച്ചൊരുങ്ങി കൈയും വീശി സ‌്കൂളിൽ പോകാം. തരിയോട‌് എസ‌്എഎൽപി സ‌്കൂളിൽ കുട്ടികൾ പഠിക്കാനെത്തുന്നത‌് ഇങ്ങനെയാണ‌്. വിദ്യാർഥികളുടെ പഠനഭാരം ലഘുവാക്കി സംസ്ഥാനത്തെ ആദ്യത്തെ ബാഗ‌് രഹിത സ‌്കൂൾ ആകുകയാണ‌് തരിയോട‌്  എസ‌്എഎൽപി സ‌്കൂൾ.

ബാഗും ചോറ്റുപാത്രവുമില്ലാതെയാണ‌്  കുട്ടികൾ സ‌്കൂളിലേക്ക‌് വരുന്നത‌്. ഒരു സെറ്റ‌് പുസ‌്തകം സ‌്കൂളിലും ഒരു സെറ്റ‌് പുസ‌്തകം വീട്ടിലും സൂക്ഷിക്കും. മുൻവർഷത്തെ  പാഠപുസ‌്തകങ്ങൾ അധ്യാപകർ  കുട്ടികളിൽനിന്നും വാങ്ങി  ക്ലാസ‌്മുറികളിലെ അലമാരയിൽ സൂക്ഷിക്കും. ആ പുസ‌്തകങ്ങളാണ‌്  അടുത്ത വർഷം ആ ക്ലാസിലെത്തുന്ന കുട്ടികൾ പഠിക്കുക. പുതിയ വർഷത്തെ പാഠപുസ‌്തകങ്ങൾ കുട്ടികൾക്ക‌് വീട്ടിലേക്ക‌് കൊടുത്ത‌് വിടും. ആ പുസ‌്തകമാണ‌് വീട്ടിലെത്തിയാൽ വായിക്കുക. ഗൃഹപാഠത്തിന‌് വേണ്ടി മാത്രം ഒരു ചെറിയ നോട്ട‌് ബുക്ക‌് സ‌്കൂളിലേക്ക‌് കൈയിലെടുക്കും. കുട്ടികളുടെ പെൻസിൽ  ബോക‌്സും പേരെഴുതി  ക്ലാസിൽ തന്നെ സൂക്ഷിക്കും. നിറങ്ങളുടെ സമന്വയമാണ‌് ഇവിടുത്തെ   ഓരോ ക്ലാസ‌് മുറികളും.  പച്ചയും മഞ്ഞയും  നിറത്തിലുള്ള യൂനിഫോം.  അതേനിറത്തിലുള്ള  ബെഞ്ചും ഡെസ‌്കും.  എല്ലാ ക്ലാസ‌് മുറികളിലും തിളപ്പിച്ചാറിയ ശുദ്ധജലം   നിറച്ച  കെറ്റിലുമുണ്ട‌്. 

ഉച്ചഭക്ഷണത്തിന‌് പുറമേ പ്രഭാത ഭക്ഷണവും.  ഓരോ കുട്ടിയുടെയും  പേരെഴുതിയ ഗ്ലാസും പ്ലേറ്റും സുക്ഷിക്കുന്നതും ക്ലാസ‌് മുറികളിൽതന്നെ.  കുട്ടികളുടെ പഠനഭാരം കുറക്കുക മാത്രമല്ല  ടൺ കണക്കിന‌്  പ്ലാസ‌്റ്റിക‌് മാലിന്യമാണ‌്  ബാഗുകൾ ഉപേക്ഷിക്കുന്നതിലൂടെ ഒഴിവാക്കപ്പെടുന്നതെന്ന‌്  പ്രധാനാധ്യാപിക നിഷ ദേവസ്യ പറഞ്ഞു‌.ഒന്ന‌് മുതൽ നാല‌് വരെ ക്ലാസുകളിൽ 103 കുട്ടികൾ സ‌്കൂളിലുണ്ട‌്. ഇതിൽ  45 പേരും ആദിവാസി കുട്ടികളാണ‌്.  പ്രകൃതി സൗഹൃദമായാണ‌് സ‌്കൂളിലെ പഠന പ്രവർത്തനങ്ങൾ. സ‌്കൂൾ അങ്കണത്തിൽ ചമത, വള്ളി, മന്താരം തുടങ്ങി 15 തരം ഔഷധസസ്യങ്ങൾകൊണ്ട‌് ഒരുക്കിയ ഗ്രീൻ ക്ലാസ‌് മുറിയിലാണ‌് ഒരു മണിക്കുർ പഠനം.  സ‌്കൂൾ അങ്കണത്തിലെ മരങ്ങളിൽ ഊഞ്ഞാലുമുണ്ട‌്. കൊഴിഞ്ഞുപോക്കില്ലാതെ  പ്രദേശത്തെ മുഴുവൻ കുട്ടികളെയും സ‌്കൂളിലെത്തിക്കുന്നു ഈ ശിശു സൗഹൃദ അന്തരീക്ഷം.

എയ‌്ഡഡ‌് സ‌്കൂളായതിനാൽ ചില ഫണ്ടുകളുടെ ലഭ്യതക്കുറവ‌് പരിഹരിക്കാൻ സ‌്കൂളിലെ നാല‌് അധ്യാപകർ കാൽ ലക്ഷം വീതം സ്വന്തമായെടുത്താണ‌് ക്ലാസ‌് റൂമുകളിൽ  ടൈ ലിട്ടത‌്.   പ്രീ പ്രൈമറി ക്ലാസിൽ തരിയോട‌് സർവീസ‌് സഹകരണ ബാങ്ക‌്  ടൈലിടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട‌്. പ്രളയത്തിന‌് ശേഷം  നശിച്ച സ‌്കൂൾ പിടിഎ  നേതൃത്വത്തിൽ  ഓടിറക്കി മേഞ്ഞിരുന്നു.  അക്കാദമിക‌് രംഗത്തും മികച്ച നിലവാരമാണ‌്. 2007 മുതൽ തുടർച്ചയായി എൽഎസ‌്എസ‌്  ഈ സ‌്കൂളിലെ കുട്ടികൾ നേടുന്നുണ്ട‌്.
 


പ്രധാന വാർത്തകൾ
 Top