25 September Monday

ആഴക്കടലിലെ മയക്കുമരുന്നുവേട്ട ; പിടികൂടിയ സ്ഥലം 
വ്യക്തമാക്കാതെ എൻസിബി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023


കൊച്ചി
ആഴക്കടലിൽനിന്ന്‌ മയക്കുമരുന്ന്‌ പിടിച്ച കേസിൽ റിമാൻഡിലായിരുന്ന പാകിസ്ഥാൻ സ്വദേശി സുബൈർ ദെരക് ഷാന്‍ദേയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ കസ്‌റ്റഡിയിൽ വിട്ടു.

കോടതി ആവശ്യപ്രകാരം വിശദ സത്യവാങ്‌മൂലം നൽകിയതോടെയാണ്‌ 27 വരെ കസ്‌റ്റഡിയിൽ വിട്ടത്‌. അതേസമയം, ‌മയക്കുമരുന്ന്‌ പിടിച്ച സ്ഥലം എൻസിബി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല. സുബൈറിനെ നാവികസേന പിടികൂടി കൈമാറിയെന്നാണ്‌ എൻസിബിയുടെ വിശദീകരണം. നാവികസേനയോട്‌ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കോടതിയെ അറിയിക്കാമെന്നാണ്‌ സത്യവാങ്മൂലത്തിൽ പറഞ്ഞത്‌.

അറസ്‌റ്റ്‌ ചെയ്‌തത്‌ ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്നാണോയെന്ന്‌ എൻസിബിയോട്‌ കഴിഞ്ഞദിവസം കോടതി ആരാഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ആവശ്യപ്പെടുകയും ചെയ്‌തു. സുബൈറിനെ പിടികൂടിയത്‌ എവിടെനിന്നാണെന്ന്‌ കസ്‌റ്റഡി അപേക്ഷയിൽ വ്യക്തമാക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു.  

സുബൈര്‍ പാക്‌ പൗരനാണോയെന്ന്‌ ഉറപ്പാക്കേണ്ടതുണ്ടെന്നും എന്‍സിബി വ്യക്തമാക്കി. പാക്‌ പൗരനെന്ന് ആദ്യം വെളിപ്പെടുത്തിയെങ്കിലും പിന്നീടത് ഇറാന്‍ എന്നാക്കി തിരുത്തിയെന്നാണ് എൻസിബി പറയുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാറാണ്‌ സുബൈറിനെ എൻസിബി കസ്‌റ്റഡിയിൽ വിട്ടത്‌.

ഐബി അന്വേഷണം ശ്രീലങ്കയിലേക്ക്‌
ആഴക്കടലിൽനിന്ന്‌ 25,000 കോടി രൂപയുടെ മെത്താംഫെറ്റമിൻ പിടിച്ച കേസിൽ  ലഹരിക്കടത്ത് സംഘത്തിന്റെ ശ്രീലങ്കന്‍ബന്ധം തേടി ഇന്റലിജന്‍സ് ബ്യൂറോ. മയക്കുമരുന്ന്‌ കടത്തിയ കപ്പലില്‍ ശ്രീലങ്കന്‍ പതാകയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ഐബി ചെന്നൈ യൂണിറ്റാണ്‌ അന്വേഷിക്കുന്നത്‌.  
2021-ല്‍ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിനുസമീപം 300 കിലോ ഹെറോയിനും എ കെ 47 തോക്കുകളും പിടിച്ചെടുത്തതിലും കഴിഞ്ഞവര്‍ഷം കൊച്ചി ഉള്‍ക്കടലില്‍ 337 കിലോ ഹെറോയിനുമായി ഇറാന്‍ സ്വദേശികളെ പിടികൂടിയ കേസിലും ശ്രീലങ്കന്‍ബന്ധം സ്ഥിരീകരിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top