18 August Sunday

എൽഡിഎഫ‌് വിജയം സുനിശ്ചിതം: ഇന്നസെന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


ചാലക്കുടി
ചാലക്കുടിയിൽ എൽഡിഎഫ് മിന്നുന്ന വിജയം നേടുമെന്ന് ഇന്നസെന്റ്. ചാലക്കുടിയിൽ സൗഹൃദ സന്ദർശനത്തിനെത്തിയ അദ്ദേഹം ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.  വിജയം ഉറപ്പാണ്. ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എത്ര വർധിക്കും എന്ന് മാത്രം നോക്കിയാൽ മതി. ഞാൻ ആത്മാർഥമായും സമർപ്പിതമായും അഞ്ചുവർഷം എംപി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അത് ജനങ്ങൾക്കറിയാം.

എന്നാൽ, വിജയം അതുകൊണ്ട് മാത്രമല്ല. അതൊരു ഘടകം മാത്രമാണ്. ജനങ്ങൾ പുതിയ ഇന്ത്യൻ സാഹചര്യത്തിൽ മതേതരത്വവും ജനാധിപത്യവുമൊക്കെ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പ്രസക്തി അവർ  തിരിച്ചറിയുന്നു. ഇന്ത്യ ഇതുപോലെ നിലനിൽക്കാൻ, ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും നിലനിൽക്കാൻ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് അവർക്കറിയാം. ന്യൂനപക്ഷങ്ങളും  പട്ടികജാതി–-വർഗ ജനവിഭാഗങ്ങളും ആക്രമിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു.

ബിജെപിയുടെ വർഗീയ ഭ്രാന്തും കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്കും ജനം മനസ്സിലാക്കിയിട്ടുണ്ട‌്.  ഇന്ത്യയിൽ വിജയിക്കാൻ പോകുന്നത് മതേതര ജനാധിപത്യ പാർടികളാണ്. അവരെ യോജിപ്പിച്ച് ഇടതുപക്ഷം ജനാധിപത്യ മതേതര ഗവൺമെന്റ് ഉണ്ടാക്കും. അതിനാണ് മലയാളി വോട്ട് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇടതുപക്ഷത്തിന്റെ പിന്തുണ ഇത്തവണ വർധിച്ചിട്ടുണ്ട്. അന്ന് വലതുപക്ഷത്തായിരുന്ന പല സംഘടനകളും ഇപ്പോൾ ഇടതുപക്ഷത്താണ്. അവരുടെ അനുഭവമാണ് അതിനവരെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ വിജയം സുനിശ്ചിതം.

ഭൂരിപക്ഷം റെക്കോഡാകും
കൊച്ചി
ചാലക്കുടി മണ്ഡലത്തിന്റെ മനസ്സിളക്കാൻ എതിരാളികളുടെ കുപ്രചാരണങ്ങൾക്കുമായില്ല. അത‌് തീർച്ചപ്പെടുത്തിയതാണ‌്. പിന്നിട്ട അഞ്ചുവർഷം മണ്ഡലത്തിലാകെയുണ്ടായ മാറ്റത്തിന‌് തുടർച്ചയുണ്ടാകണമെന്ന‌്. വികസനകാര്യത്തിലെന്നപോലെ ആരോഗ്യ–-ക്ഷേമ രംഗങ്ങളിലും രാജ്യത്തിനാകെ മണ്ഡലം മാതൃകയായി.  അതിനുള്ള ഹൃദയാംഗീകാരമാണ‌് കഴിഞ്ഞ 44 ദിവസം മണ്ഡലത്തിലാകെ വോട്ടഭ്യർഥിച്ചെത്തിയ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിനെ കാത്തുനിന്ന സാധാരണക്കാരും ബഹുജനങ്ങളും അദ്ദേഹത്തിന‌് സമ്മാനിച്ചത‌്. 

ഇതേവരെ കാണാത്ത വികസനമുന്നേറ്റം സജീവ ചർച്ചയാക്കിയാണ‌് ഇടതുമുന്നണി ജനങ്ങളെ അഭിമുഖീകരിച്ചത‌്. ഇന്നസെന്റ‌് എംപി നടപ്പാക്കിയ 1750 കോടി രൂപയുടെ വികസനപദ്ധതികളെക്കുറിച്ച‌് എതിരാളികൾക്കും എതിരഭിപ്രായമുണ്ടായില്ല. വികസനമുരടിപ്പെന്ന പതിവ‌് പ്രചാരണംപോലും യുഡിഎഫിന‌് ഇക്കുറിയുയർത്താനായില്ല.

പ്രചാരണരംഗത്ത‌് ബഹുദൂരം മുന്നിലെത്തിയ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിനൊപ്പമെത്താൻ യുഡിഎഫിന‌് ഒരുഘട്ടത്തിലും കഴിഞ്ഞില്ല. ആരോഗ്യരംഗത്തെ പദ്ധതികൾ, ശബരിപാത, അങ്കമാലിയിലെ ടെക‌്നോളജി സെന്റർ, ഇഎസ‌്ഐ  കൊരട്ടി ആശുപത്രി തുടങ്ങിയ പദ്ധതികൾ ചർച്ചയാക്കിയാണ‌് എൽഡിഎഫ‌് വോട്ട‌് അഭ്യർഥിച്ചത‌്. എംപി പറഞ്ഞത‌് അത്രേം ഇല്ലായെന്ന കൊതിക്കെറുവ‌് മാത്രമാണ‌് യുഡിഎഫ‌് പ്രചരിപ്പിച്ചത‌്. ഇതാകട്ടെ, ജനം തള്ളുകയും ചെയ‌്തു. മണ്ഡലത്തിലെ പ്രബല  വിഭാഗങ്ങളും ആം ആദ‌്മി പാർടിയും പരസ്യപിന്തുണ പ്രഖ്യാപിച്ചത‌് ഇന്നസെന്റിന്റെ ജനകീയതയുടെ തെളിവാണ‌്. യുഡിഎഫിനെതിരെ ട്വന്റി–-20 രംഗത്ത‌് വന്നതും യുഡിഎഫിന്റെ പ്രതീക്ഷകളെ തകർത്തു.

കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ വിശേഷിപ്പിച്ച കളങ്കിതരുടെ പട്ടികയിലുള്ള യുഡിഎഫ‌് സ്ഥാനാർഥി ബെന്നി ബഹനാനെതിരെ ഐ ഗ്രൂപ്പിന്റെ എതിർപ്പ‌് കെട്ടടങ്ങിയിട്ടില്ല. ഐ ഗ്രൂപ്പ‌് പാലം വലിച്ചതോടെ ബെന്നിക്ക‌ുവേണ്ടി ‌എ കെ ആന്റണി നേരിട്ട‌് നടത്തിയ റോഡ‌്ഷോയും പൊളിഞ്ഞു. എൽഡിഎഫിന്റെ രണ്ടാംഘട്ട പ്രചാരണം  അവസാനിച്ചപ്പോഴാണ‌് യുഡിഎഫിന‌് സ്ഥാനാർഥിയായത‌്. അന്ന‌ുമുതൽ നിലനിന്ന അനിശ‌്ചിതത്വം പരസ്യപ്രചാരണം അവസാനിച്ചിട്ടും തീർന്നില്ല.

2014ൽ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് ഇന്നസെന്റ‌് വിജയിച്ചത‌്. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 45,091 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന‌് നേടാനായി. അതിന‌ുതൊട്ടുമുമ്പ‌് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 17,760 വോട്ടിന്റെ ലീഡ‌് നേടി. ദേശീയതലത്തിൽ വർഗീയതയ‌്ക്കും കുത്തക അനുകൂല സാമ്പത്തിക നയങ്ങൾക്കുമെതിരെയുള്ള പോരാട്ടം ശക്തിപെടുത്താൻ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി. വൻതോതിൽ നിഷ‌്പക്ഷരും പുതിയ വോട്ടർമാരും സ‌്ത്രീകളും ഇന്നസെന്റിനെ സ്വീകരിക്കാനെത്തിയത‌് ഇതിന്റെ തെളിവാണ‌്. 18 വർഷം അമ്മ ഭാരവാഹിയായി സംഘാടകമികവ‌് തെളിയിച്ച ഇന്നസെന്റ‌ിന‌് ഇത്തവണ റെക്കോഡ‌് ഭൂരിപക്ഷം നേടാനാകും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top