21 August Wednesday
ബിജെപി ഒാഫീസിന് സ്ഥലം നല്‍കിയ സംഭവം

കള്ളി വെളിച്ചത്തായപ്പോള്‍ ചാമക്കാല ബിജെപി ഓഫീസ് "പന്തലാ’ക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

തിരുവനന്തപുരം
കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയുടെ സ്ഥലം ബിജെപി തെരഞ്ഞെടുപ്പ് ഓഫീസിന് വിട്ടുകൊടുത്തത് പുറത്തുവന്നതിനെത്തുടർന്ന് പൊളിച്ചുമാറ്റി. കോൺ​ഗ്രസ് നേതാവിന്റെ കെെവശമുള്ള ഭൂമിയിൽ പ്രവർത്തിച്ചിരുന്ന ബിജെപി 16–-ാം ബൂത്ത് ഓഫീസാണ് പൊളിച്ചുമാറ്റിയത്. ഓഫീസ് പൊളിച്ച് നീക്കിയശേഷം അവിടെ ബിജെപി ഓഫീസ് ഉണ്ടായിരുന്നില്ലെന്നും പകരം കല്യാണപ്പന്തലായിരുന്നുവെന്ന വാദവുമായാണ് ചാമക്കാല രം​ഗത്തുവന്നത്.  ആ സ്ഥലം അയൽപക്കത്തുള്ളവർക്ക് കല്യാണ ആവശ്യത്തിന് നൽകിയതാണെന്നും അവിടെ  ബിജെപി തെരഞ്ഞെടുപ്പ‌് ഓഫീസ‌് പ്രവർത്തിക്കുന്നില്ലെന്ന അവകാശവാദവുമായി അദ്ദേഹം രംഗത്തുവന്നു. ബിജെപി അവിടെ സ്ഥാപിച്ചിരുന്ന കവാടവും ബോർഡുകളും പൊളിച്ചുമാറ്റിയതിനുശേഷം എടുത്ത ഫോട്ടോയുമായാണ് കോൺ​ഗ്രസ് നേതാവ്  ഫെയ്സ്ബുക്കിലൂടെ  നുണപ്രചാരണവുമായി എത്തിയത‌്. അതേസമയം, അടുത്തകാലത്ത് ആ പ്രദേശത്ത് ഒരു കല്യാണവും ന‌ടന്നിട്ടില്ലെന്നാണ‌് നാട്ടുകാർ പറയുന്നത‌്. 

പ്രദേശത്ത് കോൺ​ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെട്ടാൻ സ്ഥലം കിട്ടാത്തതിനെത്തുടർന്നാണ‌് അടുത്തുള്ള കവറടിയിലെ 39–-ാം ബൂത്തിനൊപ്പം 16–-ാം ബൂത്ത് ഓഫീസും പ്രവർത്തിക്കുന്നത്. സംഭവം പുറത്തുവന്നതോടെ തിങ്കളാഴ്ച രാവിലെ ഓഫീസ് പൊളിച്ചുമാറ്റുകയായിരുന്നു.

ജ്യോതികുമാർ തന്റെ കെെവശമുള്ള സ്ഥലം ബിജെപിക്ക‌് നൽകിയത് തെരഞ്ഞെടുപ്പിലെ ബിജെപി--–--- കോൺ​ഗ്രസ് ബന്ധത്തിന്റെ തെളിവാണെന്ന് സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അം​ഗം ടി രവീന്ദ്രൻ പറഞ്ഞു. അത് പുറത്ത് അറിഞ്ഞപ്പോൾ മറച്ചുപിടിക്കാനാണ് ഇപ്പോൾ കല്യാണ ആവശ്യത്തിന് നൽകിയത് എന്നൊക്കെ നുണ പറയുന്നത്. കോൺ​ഗ്രസ് -- ബിജ‌െപി രഹസ്യനീക്കം ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ ശശി തരൂരിന്റെ പ്രചാരണവുമായി സഹകരിക്കുന്നില്ലെന്ന് സ്ഥാനാർഥിതന്നെ പരാതി നൽകിയിരുന്നു. ഇതേച്ചൊല്ലി കോൺ​ഗ്രസിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലാണ് കോൺ​ഗ്രസ് നേതാവും കേരള സർവകലാശാലാ സിൻഡിക്കറ്റ് അം​ഗവുമായ ജ്യോതികുമാർ ചാമക്കാല തന്റെ കെെവശമുള്ള സ്ഥലം ബിജെപിക്ക‌് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വിട്ടുനൽകിയത്. ജ്യോതികുമാറിന്റെ ഭാര്യയുടെ  കു‌ടുംബസ്വത്താണ് ഈ സ്ഥലം. ഭാര്യയുടെ അമ്മയുടെ പേരിലുള്ള സ്ഥലം  ഇപ്പോൾ ചാമക്കാലയുടെ കെെവശമാണ‌്.


പ്രധാന വാർത്തകൾ
 Top