31 March Tuesday

പറന്നെത്തി ഡ്രോണ്‍ ‘പറയും’ തേങ്ങ മൂപ്പായി ; തെങ്ങിനു രോഗമുണ്ടോയെന്നറിയാൻ ഡ്രോണുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


തൃശൂർ
തെങ്ങിനുമുകളിലേക്കും ഇനി  ഡ്രോണുകൾ  പറന്നെത്തും.  മരുന്നുതളിക്കാനല്ല, രോഗമുണ്ടോയെന്നറിയാൻ. തേങ്ങയുടെ മൂപ്പും വിളവെടുപ്പുസമയവുമെല്ലാം തെങ്ങിൽ കയറാതെ തന്നെ ഇനി അറിയാം. ഡ്രോൺ വഴി നെൽപ്പാടത്ത് മരുന്നുതളിക്കൽ വിജയകരമായതോടെയാണ് ഈ യന്ത്രത്തിന്റെ സാധ്യത കേരകൃഷിയിലും പ്രയോജനപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച ഗവേഷണം  കേരള കാർഷിക സർവകലാശാലയിൽ ആരംഭിച്ചു.

നാഷണൽ അഗ്രികൾച്ചറൽ ഹയർ എഡ്യുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി കേരളത്തിൽ നാളികേരാധിഷ്ഠിത വിജ്ഞാന നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ 20 കോടിയും സംസ്ഥാാന സർക്കാരിന്റെ അഞ്ചുകോടിയും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഇതിൽ  കേരകൃഷിയിൽ യന്ത്രവൽക്കരണത്തിന് പ്രാധാന്യം നൽകുന്നുണ്ട്.  

കേര കർഷകരെ സഹായിക്കാൻ ഡ്രോണുകളെ പ്രയോജനപ്പെടുത്തിയുള്ള ഗവേഷണം ആരംഭിച്ചു. ഇതിനായി രണ്ട്‌ അഗ്രോഡ്രോൺ വാങ്ങി. റോബോട്ടിക്സും ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യയും സെൻസറിങും ഡ്രോണുമായി ബന്ധിപ്പിച്ച് കേരകൃഷിയിലെ വിവിധ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താനാവും. ഡ്രോണിന്‌ പത്തു ലക്ഷത്തോളം രൂപയുണ്ട്‌.  ഡ്രോണിൽ ക്യാമറ ഘടിപ്പിച്ചാണ്‌ വിവരങ്ങൾ ശേഖരിക്കുന്നത്‌. രോഗനിർണയം, തെങ്ങിന്റെയും നാളികേരത്തിന്റെയും  സംരക്ഷണം, വിളവെടുപ്പ് എന്നിവ ഡ്രോണുകളിൽ ഘടിപ്പിച്ച സംവിധാനങ്ങൾ വഴി  മനസ്സിലാക്കാനാവും. പ്രതിരോധനടപടികളും സ്വീകരിക്കാം. ഇതിനാവശ്യമായ സാങ്കേതികവിദ്യയാണ് വികസിപ്പിക്കുന്നത്‌. ഡ്രോൺ ഉപയോഗിച്ച്‌ പാടങ്ങളിൽ ജൈവകീടനാശിനി മാത്രമേ തളിക്കാവൂവെന്ന്‌ നിർദേശം നൽകിയിട്ടുണ്ട്‌.

നാളികേര മേഖലയിൽ ഉന്നത ഗവേഷണവും മൂല്യ വർധനവും ലക്ഷ്യംവയ്‌ക്കുന്ന പദ്ധതിയിൽ വിളപരിപാലന ശുപാർശകളുടെ സംക്ഷിപ്തം തയ്യാറാക്കൽ, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള വിള പരിപാലനം എന്നിവ ഉൾപ്പെടും.  കർഷകർക്കും സംരംഭകർക്കുമായി പരിശീലനങ്ങളും  പദ്ധതിയുടെ ഭാഗമാണ്.
മുറിച്ചിടുന്ന തെങ്ങിൻതടി തോട്ടത്തിലെത്തി മുറിച്ച് പലകകളാക്കാവുന്ന യന്ത്രം കാർഷിക സർവകലാശാല വികസിപ്പിച്ചിരുന്നു.  തെങ്ങിൻതടി കൊണ്ടുള്ള ഫർണിച്ചറുകളും നിർമിക്കുന്നുണ്ട്. തെങ്ങ്കയറ്റയന്ത്രം, നാളികേരം വീഴാതിരിക്കാൻ കുട്ട തുടങ്ങി നിരവധി കാർഷിക യന്ത്രങ്ങളും വികസിപ്പിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top