28 November Saturday

വിമതർക്ക്‌ വാരിക്കോരി ; കോൺഗ്രസിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020



കോതമംഗലം
കഴിഞ്ഞതവണ വിമതരായി മത്സരിച്ചവർക്ക്‌ ഇക്കുറി സീറ്റ്‌ നൽകരുതെന്ന കെപിസിസി നിർദേശത്തിന്‌ കോതമംഗലം മേഖലയിൽ പുല്ലുവില. കഴിഞ്ഞതവണ പിന്നിൽനിന്നു കുത്തിയവർക്ക്‌, പാർടി സംസ്ഥാന നേതൃത്വം നൽകിയ നിർദേശം അവഗണിച്ച്‌  സീറ്റ്‌ നൽകിയതോടെ കോൺഗ്രസ്‌ പ്രവർത്തകരിൽ അമർഷം ശക്തമായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പിൽസ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് കെപിസിസി കീഴ്ഘടകങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ 2015ലെ വിമത സ്ഥാനാര്‍ഥികള്‍ക്ക്‌ സീറ്റ് നല്‍കാന്‍ പാടില്ലെന്ന്  കർശനമായി നിർദേശിച്ചിരുന്നു. എന്നാൽ, ചില കോൺഗ്രസ്‌ നേതാക്കൾ സർക്കുലർ അവഗണിക്കുന്നതായി മനസ്സിലാക്കി ഇക്കാര്യം ഓര്‍മപ്പെടുത്തി പിന്നീടും സര്‍ക്കുലര്‍ നല്‍കി.  

കോതമംഗലം മുനിസിപ്പാലിറ്റി 14–-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി ഭാനുമതി രാജു കഴിഞ്ഞതവണ 18–-ാം വാര്‍ഡില്‍ വിമതയായി മത്സരിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ആളാണ്‌. കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മത്സരിക്കുന്ന എം കെ എല്‍ദോസും കഴിഞ്ഞതവണ വിമതനായാണ് വിജയിച്ചത്. പിന്നീട് പാര്‍ടിയില്‍ തിരിച്ചെടുത്ത അദ്ദേഹത്തെ മണ്ഡലം പ്രസിഡന്റുമാക്കി.

പിണ്ടിമന പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥി ടി കെ കുമാരി 2010ലും 2015ലും സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞതവണ എട്ടാം വാര്‍ഡില്‍ യുഡിഎഫിനു പിന്നില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. കീരമ്പാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജു ചെറിയാനും കഴിഞ്ഞതവണ വിമതനായിരുന്നു. നാലാം വാര്‍ഡില്‍നിന്നു വിജയിച്ച അദ്ദേഹത്തെ ഇത്തവണ കോണ്‍ഗ്രസാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കീരമ്പാറയിലെ 11–-ാം വാര്‍ഡില്‍ കഴിഞ്ഞതവണ സ്വതന്ത്രനായി വിജയിച്ച വി കെ വര്‍ഗീസ് ഇത്തവണ 12–-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ്- ജേക്കബ് പ്രതിനിധിയായി യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞതവണ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ചവരിലും വിജയിച്ചവരിലും ചിലര്‍ ഇത്തവണ വിമത സ്ഥാനാര്‍ഥികളായും രംഗത്തിറങ്ങിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top