14 December Saturday

കോൺഗ്രസ്‌ എൻസിപി പിന്തുണ; ഉദ്ധവ്‌ താക്കറേ മുഖ്യമന്ത്രിയാകും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019


ന്യൂഡൽഹി
മഹാരാഷ്ട്രയിൽ ശിവസേന നേതൃത്വത്തിൽ സഖ്യസർക്കാർ രൂപീകരിക്കും. ശിവസേന തലവൻ ഉദ്ധവ്‌ താക്കറേ മുഖ്യമന്ത്രിയാകും. മുംബൈയില്‍ ചേർന്ന ശിവസേന, എൻസിപി, കോൺഗ്രസ്‌ നേതൃയോഗത്തിലാണ്‌ തീരുമാനം. മഹാ വികാസ്‌ അഘാഡി എന്ന പേരിലാകും സഖ്യം . തെരഞ്ഞെടുപ്പ് ഫലം വന്ന് 30 ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങുന്നത്.

മൂന്ന് കക്ഷിയിലേയും നേതാക്കള്‍ ശനിയാഴ്‌ച വീണ്ടും യോഗം  ചേരും. സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിക്കാൻ ശനിയാഴ്‌ച  ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരിയെ  കാണും. ഗവർണർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്‌ പോകേണ്ടിയിരുന്ന കോശ്‌യാരി യാത്ര റദ്ദാക്കി.

സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക്‌ അന്തിമരൂപമായി. യോ​ഗത്തില്‍ ശരദ്‌ പവാർ അധ്യക്ഷനായി. ഉദ്ധവ്‌ താക്കറേ, ഏകനാഥ്‌ ഷിൻഡെ, സുഭാഷ്‌ ദേശായി, സഞ്‌ജയ്‌ റാവത്ത്‌ (ശിവസേന), അഹമ്മദ്‌ പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, പൃഥ്വിരാജ്‌ ചവാൻ, ബാലസാഹിബ്‌ തൊറാത്‌ (കോൺഗ്രസ്‌), പ്രഫുൽ പട്ടേൽ, ജയന്ത്‌ പട്ടീൽ, അജിത്‌ പവാർ (എൻസിപി) എന്നിവർ പങ്കെടുത്തു.

288 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണവേണം. ശിവസേന–-56, എൻസിപി–-54, കോൺഗ്രസ്‌–-44 (ആകെ 154) എന്നിങ്ങനെയാണ്‌ അംഗബലം. ബിജെപിക്ക്‌ 105 അംഗങ്ങളുണ്ട്.

ഇതിനിടെ, ത്രികക്ഷി സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്‌ ബിജെപി പ്രവർത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചു.


പ്രധാന വാർത്തകൾ
 Top