24 January Friday

പ്രാഥമികസംഘങ്ങളുടെ ആദായനികുതി ഇളവ്‌ പുനഃസ്ഥാപിക്കണം : നിയമസഭ പ്രമേയം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019


കാര്‍ഷിക, കാര്‍ഷികേതര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും നികുതി ഇളവ് ലഭ്യമാക്കാൻ കേന്ദ്ര ആദായനികുതി നിയമത്തിൽ ആവശ്യമായ മാറ്റംവരുത്തണമെന്ന്‌ നിയമസഭ ആവശ്യപ്പെട്ടു. അനുവദനീയമായ നികുതികിഴിവ് ഉപാധിരഹിതമായി അനുവദിക്കണമെന്നും നിയമത്തിലെ 194 എൻ വകുപ്പിന്റെ പരിധിയിൽനിന്ന്‌ പ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കണമെന്നും പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായനികുതി ഇളവുണ്ടായിരുന്നു. ഇത്‌ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവയൊഴികെയുള്ള സഹകരണസംഘങ്ങള്‍ക്ക് നിഷേധിച്ചു. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ക്ക് ആദായനികുതി നിയമപ്രകാരമുള്ള കിഴിവിന് തുടര്‍ന്നും അര്‍ഹതയുണ്ട്‌.  എന്നാൽ, വാണിജ്യബാങ്കിന്‌ സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നുപറഞ്ഞ്‌ ഇവയ്‌ക്ക്‌ വലിയതോതില്‍ ആദായനികുതി ചുമത്തുകയാണ്‌.

കേന്ദ്ര ആദായനികുതി നിയമത്തിലെ പുതിയ നിയമപ്രകാരം പ്രാഥമിക സഹകരണസംഘങ്ങള്‍ ഒരുകോടി രൂപയിലധികം ഒരു സാമ്പത്തികവര്‍ഷം പണമായി പിൻവലിക്കുമ്പോള്‍ നികുതി ഈടാക്കണമെന്ന് കാട്ടി ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്‌ സംഘങ്ങളുടെ പ്രവര്‍ത്തനമൂലധനത്തെ സാരമായി ബാധിക്കുന്നുണ്ട്‌. ഈ നിയമം വായ്പേതരസംഘങ്ങള്‍ക്ക് അവരുടെ ദൈനംദിന ഇടപാടുകളിൽ വിഘാതം സൃഷ്ടിക്കുന്നുവെന്നും പ്രമേയത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top