23 November Monday

ഓളപ്പരപ്പിൽ കുതിക്കാൻ കറ്റമരൻ ഒരുങ്ങി

പ്രത്യേക ലേഖകൻUpdated: Thursday Oct 22, 2020


കൊച്ചി
കൊച്ചിയിലെ ജലയാത്രയ്‌ക്ക്‌ കൂടുതൽ വേഗവും സുരക്ഷയും സൗകര്യവും ഒരുക്കാൻ കറ്റമരൻ തയ്യാറായി. എറണാകുളം–-ഫോർട്ടുകൊച്ചി–-വൈപ്പിൻ ജലപാതയിൽ രണ്ടു കറ്റമരനുകൾ നവംബർ അവസാനം കമീഷൻ ചെയ്യും. ഇതിനായി അരൂരിലെ യാഡിൽ രണ്ടെണ്ണത്തിന്റെ  നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇനി അവസാന മിനുക്കുപണി മാത്രമാണ്‌ ബാക്കി.   അടുത്ത ഘട്ടമായി നാലു കറ്റമരൻ സർവീസുകൾകൂടി  ആരംഭിക്കാനാണ്‌ ജലഗതാഗതവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. 

അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള കറ്റമരനുകൾ  ഇന്ത്യൻ രജിസ്‌ട്രാർ ഓഫ്‌ ഷിപ്പിങ്‌ നിർദേശിച്ച നിലവാരത്തിലാണ്‌ പൂർത്തിയാക്കുന്നത്‌. 20 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുണ്ട്‌.  ഒരേസമയം 100 യാത്രക്കാർക്ക്‌ കയറാം. ഇതിന്‌ ജലത്തിൽ തൊടുന്ന രണ്ടു ഹള്ളുകൾ ഉള്ളതുകൊണ്ട്‌ തിരമാലകളിൽ ആടിയുലയില്ല. യാത്ര സുരക്ഷിതവും സുഖകരവുമായിരിക്കും. രണ്ട്‌ എൻജിനുകൾ, രണ്ട്‌ പ്രൊപ്പല്ലർ എന്നിവയും  ഇതിന്റെ പ്രത്യേകതയാണ്‌. സാധാരണ യാത്രാബോട്ടുകൾ മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോൾ കറ്റമരൻ 15 കിലോമീറ്റർ വേഗത്തിൽ പോകും.  മറ്റു ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എൻജിൻ ശബ്ദം ഏറ്റവും കുറവാണ്‌. ഫൈബർ റീ–-ഇൻഫോഴ്‌സ്‌ഡ്‌ പ്ലാസ്‌റ്റിക്‌ നിർമിതിയായതിനാൽ തുരുമ്പും ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top