04 December Friday

സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപിച്ചാൽ 5 വർഷം തടവ്‌; പൊലീസ്‌ ആക്ട്‌ ഭേദഗതി ചെയ്യും, 118-എ വകുപ്പ് കൂട്ടിച്ചേർക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ്‌ ആക്ടിൽ ഭേദഗതി വരുത്തി. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാലാണിത്‌.  മന്ത്രിസഭാ യോഗത്തിന്റെതാണ്‌ തീരുമാനം. നിലവിലുള്ള പൊലീസ് ആക്ടിൽ 118-എ വകുപ്പ് കൂട്ടിച്ചേർക്കും. സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള കുറ്റകൃത്യം നടത്തുന്നവർക്ക്‌ ഇനി അഞ്ചുവർഷംവരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണ്‌. അതിനാലാണ്‌‌ പൊലീസ് ആക്ട്‌ ഭേദഗതി ചെയ്യുന്നത്‌. ഇത്‌ ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന്‌ എതിരാണ് എന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന്‌ പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഇതിനാൽ  സാമൂഹ്യമാധ്യമങ്ങൾവഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയുന്നില്ല.

സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച് കേരള ഹൈക്കോടതി മേയിൽ ഒരു കേസിൽ പരാമർശിച്ചിരുന്നു. വർധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശവും നൽകി. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top