12 November Tuesday

പുന്നപ്ര രക്തസാക്ഷിദിനം ഇന്ന‌് ; വയലാറിൽ ചെങ്കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

വയലാർ രക്‌തസാക്ഷി വാരാചരണത്തിന്‌ തുടക്കംകുറിച്ച്‌ സമരസേനാനി കെ കെ ഗംഗാധരൻ പതാക ഉയർത്തുന്നു


ആലപ്പുഴ
വീരോചിത പോരാട്ടത്തിന്റെയും ഐതിഹാസിക മുന്നേറ്റത്തിന്റെയും ഓർമ പുതുക്കി പുന്നപ്ര രക്തസാക്ഷി ദിനം ബുധനാഴ്‌ച ആചരിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനും സാമ്രാജ്യത്വശക്തികളുടെ കോളനിയാക്കാനും ദിവാൻ സർ സി പി രാമസ്വാമി രൂപപ്പെടുത്തിയ ‘അമേരിക്കൻ മോഡലി'നെതിരായ ഉജ്വല സമരത്തിന്റെ സ്‌മരണയാണ്‌ ബുധനാഴ്‌ച പുതുക്കുക.  സർ സിപിയുടെ അമേരിക്കൽ മോഡലിനെതിരെ തൊഴിലാളിവർഗം ചെങ്കൊടിയെ നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിന്റെ സ്‌മരണകളുമായാണ‌് പുന്നപ്ര രക്തസാക്ഷി ദിനാചരണം. 

1946 ഒക‌്ടോബർ 23ന‌് പുന്നപ്ര വെടിവെയ‌്പ്പിൽ ഒട്ടേറെയാളുകൾ കൊല്ലപ്പെട്ടു. വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ രക്തസാക്ഷി സ്‌മരണകളോടെ ആയിരങ്ങൾ പുഷ‌്പാർച്ചന നടത്തും.  ചെറുജാഥകളായി നൂറുകണക്കിനുപേർ കളർകോട് ജങ്ഷനിലും വണ്ടാനം മെഡിക്കൽ കോളേജ് ജങ്ഷനിലും അണിനിരക്കും. 10ന് ദേശീയപാത വഴി ഇരുറാലികളും കപ്പക്കട ജങ്ഷനിൽ സംഗമിച്ച് സമരഭൂമിയിൽ എത്തും. പകൽ 11ന്‌ സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും രക്തസാക്ഷി അനുസ്‌മരണ സമ്മേളനവും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ‌് എന്നിവർ സംസാരിക്കും.

പകൽ മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപ നടയിൽനിന്ന് ദീപശിഖ പ്രയാണം തുടങ്ങും. പുന്നപ്ര–- വയലാർസമര സേനാനി പുന്നപ്ര വടക്ക് പഞ്ചായത്ത് 17–--ാം വാർഡ് പുളിക്കൽ ഗ്രിഗറിയുടെ മകൾ കൺമണി കൊളുത്തി നൽകുന്ന ദീപശിഖ എസ്ഡി കോളേജ് യൂണിയൻ ചെയർമാൻ എ ആർ ശങ്കർ ഏറ്റുവാങ്ങും. വൈകിട്ട് ആറിന് പറവൂരിൽ എത്തുമ്പോൾ സ്വാതന്ത്ര്യസമര സേനാനി ഇരുപത്തഞ്ചിൽ വീട്ടിൽ എം പി കുമാരന്റെ ചെറുമകൻ ഇ ജെ അജിത്തിൽനിന്നും വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ ദീപശിഖ ഏറ്റുവാങ്ങി അനുസ്‌മരണ മണ്ഡപത്തിൽ സ്ഥാപിക്കും.

വൈകിട്ട് 6.30 ന് പറവൂർ രക്തസാക്ഷി നഗറിൽ ചേരുന്ന പൊതുസമ്മേളനം വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, എ എം ആരിഫ് എം പി,  സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മുല്ലക്കര രത്നാകരൻ എന്നിവർ സംസാരിക്കും.
വൈകിട്ട്‌ ആറിന്‌  വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ ദീപക്കാഴ്‌ചയും പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും.

വയലാറിൽ ചെങ്കൊടി ഉയർന്നു
വയലാർ
പുന്നപ്ര–- വയലാർ സമരത്തിന്റെ 73–--ാം വാർഷിക വാരാചരണത്തിന‌് തുടക്കംകുറിച്ച‌് വയലാറിൽ കൊടി ഉയർന്നു. സമരസേനാനി കെ കെ ഗംഗാധരൻ വയലാർ രക്തസാക്ഷി നഗറിൽ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം ടി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് എൻ എസ‌് ശിവപ്രസാദ‌് അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു.

മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന‌് ജാഥയായാണ‌് പതാക എത്തിച്ചത‌്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമന് പതാക കൈമാറി. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top