20 October Tuesday
മൂന്നുമാസത്തെ വരവിൽ 8009 കോടിയുടെ കുറവ്‌

ചെലവ്‌ കുതിക്കുന്നു ; വരുമാനം പകുതിയായി ; വരവ്‌ ചെലവ്‌ വിടവ്‌ കൂടുന്നു, ജിഎസ്‌ടി കിട്ടാനുള്ളത്‌ 7077 കോടി

ജി രാജേഷ്‌ കുമാർUpdated: Tuesday Sep 22, 2020



കോവിഡ്‌ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വരുമാനം നേർ പകുതിയായി കുറഞ്ഞു. സിഎജിയുടെ താൽക്കാലിക കണക്കിൽ, സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 8008.6 കോടി രൂപയാണ്‌   കുറഞ്ഞത്‌.  കഴിഞ്ഞ തവണത്തേക്കാൾ 51 ശതമാനമാണ്‌ ഇടിവ്‌. മാർച്ചുമുതൽ മെയ്‌വരെയുള്ള കണക്കാണിത്‌. അതേസമയം, റവന്യൂ ചെലവ്‌ 15 ശതമാനം ഉയർന്നു. ആരോഗ്യപ്രവർത്തനങ്ങൾക്കുള്ള അപ്രതീക്ഷിത ചെലവ്‌ വേറെയും.

ബജറ്റിൽ പ്രഖ്യാപിച്ച ആകെ വരുമാനം 1,14,636 കോടിയാണ്‌. എന്നാൽ,  ഇത്‌ 81,180.5 കോടിയായി കുറയാനാണ്‌ സാധ്യത. 33,455.5 കോടിയുടെ കുറവാണ്‌ വിലയിരുത്തുന്നത്‌. വരവ്‌–- ചെലവ്‌ വിടവ്‌ 139 ശതമാനവും ധന കമ്മി വളർച്ച 113 ശതമാനവുമാണ്‌.
ഈ വർഷം ഇതുവരെയുള്ള കടമെടുപ്പ്‌ ബജറ്റ്‌ അടങ്കലിന്റെ 112.9 ശതമാനമായി. കടമെടുക്കാനുള്ള പരിധി സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനത്തിൽനിന്ന്‌ അഞ്ചു ശതമാനമായി ഉയർത്തിയിട്ടുണ്ട്‌. 18,087 കോടി രൂപ അധികം കണ്ടെത്താനാകുമെന്നായിരുന്നു വിലയിരുത്തൽ. അധികം അനുവദിച്ച രണ്ടു ശതമാനത്തിൽ ഒന്നര ശതമാനത്തിന്‌ ഉപാധികളുണ്ട്‌. നിലവിലെ സാഹചര്യത്തിൽ ഇവ പാലിക്കുന്നതും പ്രയാസമാണ്‌.

ജിഎസ്‌ടി കിട്ടാനുള്ളത്‌ 7077  കോടി
ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. ജൂലൈവരെ 7077 കോടി രൂപ സംസ്ഥാനത്തിന്‌ ലഭിക്കാനുണ്ട്‌. ഇതടക്കമുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാനം വായ്‌പ എടുക്കണമെന്നാണ്‌ കേന്ദ്ര നിർദേശം. ഇത്‌ നടപ്പാക്കേണ്ടിവന്നാൽ, നിലവിലെ കടമെടുപ്പ്‌ പരിധിയിലേ സാധ്യമാകൂ.

സംഘടനകളുമായി ചർച്ച ഇന്ന്‌
സർക്കാരും  ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ച ചൊവ്വാഴ്‌ച നടക്കും.  ശമ്പളം മാറ്റിവയ്ക്കൽ നീട്ടുന്നത്‌ ഉൾപ്പെടെ സർവീസ്‌ മേഖലയിലെ സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യും.   ശമ്പളം മാറ്റിവയ്‌ക്കുന്നതിൽ  ജീവനക്കാർക്കുണ്ടാകാവുന്ന  ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചതിനാലാണ്  വീണ്ടും യോഗം ചേരുന്നത്‌.

  ഉച്ചയ്‌ക്കുശേഷം ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ‌ അധ്യാപക–-സർവീസ്‌ സംഘടനകളുടെ സംയുക്ത സമിതികളുടെ രണ്ടുവീതം പ്രതിനിധികൾ പങ്കെടുക്കും.  ധനമന്ത്രി തോമസ്‌ ഐസക്കാണ്‌ യോഗം വിളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top