19 September Thursday

അഭിമന്യു വധം : സിസിടിവി ദൃശ്യം ആവശ്യപ്പെട്ടുള്ള ഹ​ര്‍ജി വിധി പറയാന്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ തെളിവായ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാംപ്രതി നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ദൃശ്യങ്ങൾ നൽകണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെ രണ്ടാം പ്രതിയും പള്ളുരുത്തി സ്വദേശിയുമായ ജിസാൽ റസാഖ് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി രാജാ വിജയരാഘവൻ വിധി പറയാൻ മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ആർവി ക്രോസ് റോഡിലെ സിലോൺ ബേക്ക് ഹൗസ്, തോപ്പുംപടിയിലെ പെട്രോൾ പമ്പ്, വിദ്യാഭ്യാസ സ്ഥാപനമായ കോർപറേറ്റ് എഡ്യുക്കേറ്റർ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.  ചിലതിൽ അക്രമികളുടെ ദൃശ്യങ്ങളുണ്ട്. ഇതിന്റെ പകർപ്പും ഫോറൻസിക് പരിശോധനാ റിപ്പോർട്ടും വേണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. വിചാരണ തുടങ്ങുന്നതിന് മുമ്പുതന്നെ ഇവ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രതികൾ വാദിച്ചു.

നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് പൊലീസിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി വാദിച്ചു. വിചാരണ അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിക്കുന്നത്. ഇത്തരം തെളിവുകൾ പ്രതികൾക്ക് നൽകരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
 


പ്രധാന വാർത്തകൾ
 Top