17 November Sunday

യാക്കോബായ പക്ഷത്തിന്റെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
സഭാ കേസിൽ 1934ലെ ഭരണഘടനയുടെ അസ്സൽ ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ പക്ഷം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനയുടെ കൈയെഴുത്തുപ്രതിയും ഇപ്പോഴത്തെ ഭരണഘടനയും തമ്മിൽ വ്യത്യാസമുണ്ടെന്നും കേസിൽ തിരിച്ചടി ഭയന്നാണ്‌ ഓർത്തഡോക്‌സ്‌ പക്ഷം അസ്സൽ ഭരണഘടന
ഹാജരാക്കാത്തതെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ സുനിൽ തോമസ്‌ തള്ളിയത്‌. 1934ലെ ഭരണഘടന സുപ്രീംകോടതി പലവട്ടം
പരിശോധിച്ചതാണെന്നും ഹർജിക്കാരന്റെ ആവശ്യം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേസിൽ ഓർത്തഡോക്‌സ്‌ പക്ഷത്തെ കാതോലിക്ക ബാവായെ വിസ്‌തരിക്കണമെന്നും ചോദ്യാവലി നൽകാൻ അനുവദിക്കണമെന്നും മറ്റുമുള്ള ഹർജികളും കോടതി തള്ളി. വടവുകോട്‌ പള്ളി ഇടവകാംഗവും യാക്കോബായ പക്ഷക്കാരനുമായ പി കെ മത്തായിക്കുഞ്ഞാണ്‌ ഹർജിക്കാരൻ.

ചെറായി പള്ളിത്തർക്കത്തിൽ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസ്‌ ഒരുമാസത്തിനകം തീർപ്പാക്കാൻ കോടതി നിർദേശിച്ചു. പള്ളിയിൽ യാക്കോബായ പക്ഷത്തിന്‌ പ്രവേശനം വിലക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓർത്തഡോക്‌സ്‌ പക്ഷം സമർപ്പിച്ച ഹർജിയാണ്‌ പരിഗണിക്കുന്നത്‌.

ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തതിനെ തുടർന്ന്‌ ഓർത്തഡോക്‌സ്‌ പക്ഷത്തെ വൈദികൻ പള്ളി പൂട്ടി താക്കോൽ കൈവശം വച്ചിരിക്കുകയാണെന്നും താക്കോൽ ട്രസ്‌റ്റിക്ക്‌ കൈമാറണമെന്നുമാവശ്യപ്പെട്ട്‌ യാക്കോബായപക്ഷം സമർപ്പിച്ച ഹർജിയിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. പള്ളി പൂട്ടിക്കിടക്കുകയാ‌ണെന്ന്‌ ഓർത്തഡോക്‌സ്‌ പക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ ഭണ്ഡാരം എവിടെയാണെന്നും പ്രധാനവിഷയം അതാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top