25 August Sunday

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ‌് എണ്ണക്കപ്പൽ ജീവനക്കാർ സുരക്ഷിതരെന്ന‌് കമ്പനി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019


കളമശേരി
ഹൊർമൂസ‌് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ‌് എണ്ണക്കപ്പൽ ‘സ‌്റ്റെനാ ഇംപെരൊ’യിലെ മലയാളികളുൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരെന്ന‌് കപ്പൽ കമ്പനി. കപ്പലിലെ മെസ‌് മാൻ കളമശേരി കുസാറ്റിനു സമീപം തേയ‌്ക്കാനത്ത‌് ഡിജോയുടെ കുടുംബത്തെ കമ്പനി പ്രതിനിധികൾ ഫോണിൽ വിളിച്ചു.

ഡിജോ ഉൾപ്പെടെ കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനി അറിയിച്ചതായി ഡിജോയുടെ അച്ഛൻ പാപ്പച്ചൻ പറഞ്ഞു. ജീവനക്കാരെ മോചിപ്പിക്കുന്നതിന‌് നടക്കുന്ന നയതന്ത്ര ഇടപെടലുകളിൽ ശുഭപ്രതീക്ഷയുണ്ടെന്നും കമ്പനി അറിയിച്ചു.

കപ്പലിന്റെ ക്യാപ‌്റ്റൻ ഫോർട്ട‌്കൊച്ചി സ്വദേശിയാണെന്നും തൃപ്പൂണിത്തുറക്കാരനായ മറ്റൊരു ജീവനക്കാരൻകൂടി ഒപ്പം ജോലിചെയ്യുന്നുണ്ടെന്നും ഡിജോ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇവരെക്കുറിച്ച‌് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അവധി റദ്ദാക്കി ജൂൺ 12നാണ‌് ഡിജോ കപ്പലിൽ ജോലിക്കു കയറിയത‌്. ദിവസേന വീട്ടിലേക്ക‌് വിളിച്ചിരുന്നു. വെള്ളിയാഴ‌്ച രാത്രിയാണ‌് ഒടുവിൽ വിളിച്ചത‌്.

അജ‌്മൽ സുരക്ഷിതൻ; ആശങ്കയൊഴിയുന്നു
വണ്ടൂർ (മലപ്പുറം)
ഇറാൻ എണ്ണക്കപ്പലിൽ കുടുങ്ങിയ  അജ‌്മൽ സാദിഖ‌് സുരക്ഷിതനാണെന്നറിഞ്ഞ ആശ്വാസത്തിലാണ‌് ഉമ്മ വണ്ടൂർ പുളിയക്കോട‌് സ്വദേശി ഷെരീഫ. ബ്രിട്ടീഷ് നാവികസേനാ അധികൃതർ പിടിച്ചെടുത്ത ഇറാന്റെ ഗ്രൈസ‌്‌വൺ കപ്പലിൽനിന്ന‌് കഴിഞ്ഞദിവസം മകൻ വിളിച്ചിരുന്നു. കപ്പലിൽ ആറ‌് ബ്രിട്ടീഷ് കമാന്‍ഡോകളാണുള്ളത്. എല്ലാവരും മാന്യമായിട്ടാണ് പെരുമാറുന്നത‌്. ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കപ്പലിലുണ്ട‌്–- ഷെരീഫ പറഞ്ഞു. മകന്റെ സംസാരത്തിൽ മറ്റ‌് വിഷമങ്ങളുള്ളതായി തോന്നിയില്ലെന്ന‌് ഉപ്പ അബ്ബാസും സഹോദരൻ ഷെഫീഖും പറഞ്ഞു. 

ഗ്രൈസ് വൺ എണ്ണക്കപ്പൽ ഈമാസം നാലിനാണ് ഉക്രൈൻ തീരത്തുനിന്ന‌് ബ്രിട്ടീഷ് നാവികസേനാ അധികൃതർ പിടിച്ചെടുത്തത്.

റെജിൻ രാജനെ  പ്രതീക്ഷിച്ച് കുടുംബം; ആശ്വസിപ്പിച്ച‌് നേതാക്കൾ
ഗുരുവായൂർ
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വണ്ണിലെ എൻജിനിയറിങ‌് വിഭാ​ഗം ജീവനക്കാരൻ ഗുരുവായൂർ സ്വദേശി റെജിൻ രാജന്റെ  മോചനം പ്രതീക്ഷിച്ച് കുടുംബം കാത്തിരിക്കുന്നു. ആശ്വാസവുമായി സിപിഐ എം നേതാക്കൾ  വീട്ടിലെത്തി. ഗുരുവായൂർ മമ്മിയൂർ ഒടാട്ട് വീട്ടിൽ റെജിൻ  രാജന്റെ  കുടുംബത്തെ ജില്ലാ സെക്രട്ടറിയറ്റം​ഗം കെ വി അബ്ദുൾഖാദർ എംഎൽഎ, ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് എന്നിവർ  ആശ്വസിപ്പിച്ചു.

അദ്ദേഹത്തിന്റെ മോചനത്തിനായി മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തിയ ഇടപെടൽ ആശ്വാസകരമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top