21 September Saturday

ഉദ്യോഗസ്ഥരുടേത‌് ക്രൂരമായ അനാസ്ഥ: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019


ധർമശാല
ബക്കളം നെല്ലിയോട്ടെ പാർഥ കൺവൻഷൻ സെന്ററിന‌് അനുമതി നൽകുന്ന കാര്യത്തിൽ ക്രൂരമായ അനാസ്ഥയാണ‌് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന‌് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. കെട്ടിടനിർമാണ‌് ചട്ടമനുസരിച്ച‌്  നമ്പർ നൽകാനുള്ള അധികാരം സെക്രട്ടറിക്കാണ‌്. സ‌്റ്റാൻഡിങ‌് കമ്മിറ്റിയിൽപോലും ചർച്ച ചെയ്യേണ്ടതില്ല. സെക്രട്ടറിയാണ‌് ഇവിടെ ഗുരുതരമായ വീഴ‌്ച വരുത്തിയത‌്. അതേസമയം തെറ്റായ നിലപാട‌് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിലയ‌്ക്കുനിർത്താൻ ഭരണനേതൃത്വത്തിന‌് ബാധ്യതയുണ്ടെന്ന‌് -ധർമശാലയിലെ സിപിഐ എം വിശദീകരണ യോഗത്തിൽ  അദ്ദേഹം പറഞ്ഞു.

പാർഥ കൺവൻഷൻ സെന്ററിന്റെ നിർമാണത്തിൽ ചട്ടലംഘനമുണ്ടായിട്ടുണ്ടെന്നത‌് വസ‌്തുതയാണ‌്. ഇതു കണക്കിലെടുക്കാതെ അനുമതി നൽകിയിരുന്നെങ്കിൽ അഴിമതി ആരോപണം വരുമായിരുന്നു‌. ഇതിനു പരിഹാരമായാണ‌് ജില്ലാ ടൗൺപ്ലാനറും നഗരസഭാ ഉദ്യോഗസ്ഥരും ചേർന്ന‌് സംയുക്ത പരിശോധന നടത്തി അപാകങ്ങൾ തിരുത്തണമെന്നും സിപിഐ എം നിർദേശിച്ചത‌്. ഇതനുസരിച്ച‌് കാര്യങ്ങൾ മുന്നോട്ടുപോയി.  എന്നാൽ അവസാനഘട്ടത്തിൽ ന്യായീകരിക്കാനാവാത്ത വിധം വീണ്ടും കാലതാമസമുണ്ടായി. നഗരസഭാ എൻജിനിയർ അനുകൂല റിപ്പോർട്ട‌് നൽകിയശേഷവും സെക്രട്ടറി വല്ലാത്ത പിടിവാശി കാണിച്ചു.  ഓവർസിയറെ വിട്ട‌് വീണ്ടും ന്യൂനതകൾ കണ്ടെത്തി റിപ്പോർട്ട‌് വാങ്ങി. ഇതാണ‌് ഒടുവിൽ ഉണ്ടായ പ്രതിസന്ധി. ഇതൊരിക്കലും സംഭവിച്ചുകൂടാത്തതാണ‌്.

ചെയർമാന്റെ നിലപാട‌് കാരണമാണ‌് ഈ കാലതാമസമെല്ലാം ഉണ്ടായത‌് എന്ന തരത്തിലുള്ള പ്രചാരണം അംഗീകരിക്കാൻ കഴിയില്ല. ഇവിടെ മാത്രമല്ല, സംസ്ഥാനത്താകെ ഇത്തരം പ്രശ‌്നങ്ങളുണ്ട‌്.  നിയമപരമായി ഉദ്യോഗസ്ഥർമാത്രമാണ‌് കുറ്റവാളികൾ. എന്നാൽ ഉദ്യോഗസ്ഥർക്കുമേൽ ഇടപെട്ട‌് അതിവേഗം അനുമതി കൊടുപ്പിക്കാൻ ഭരണനേതൃത്വത്തിനു കഴിയേണ്ടതായിരുന്നു. സാജന്റെ കുടുംബം ചില ആക്ഷേപങ്ങൾ പാർടി മുമ്പാകെ ഉന്നയിച്ചിട്ടുണ്ട‌്.  ഇതെല്ലാം സവിസ‌്തരം പരിശോധിക്കും ‐ പി ജയരാജൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top