13 July Monday
വിദ്യാർഥികൾക്ക് അതത്‌ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം

സർവകലാശാലാ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


സ്വന്തം ലേഖകൻ
സർവകലാശാലാ പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി  കെ ടി ജലീൽ സർവകലാശാല വൈസ്‌ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങിലാണ്‌ തീരുമാനം. ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകൾക്ക് ശേഷം ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും പരീക്ഷകൾ. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകും.

ഓരോ സർവകലാശാലയുടെയും പരിധി പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കും പരീക്ഷാതീയതികൾ തീരുമാനിക്കുക. വിദ്യാർഥികൾക്ക്  പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാൻ അവസരം നൽകും. സർവകലാശാലയുടെ പരിധിക്ക്‌ പുറത്തുള്ള ജില്ലകളിലെ വിദ്യാർഥികൾക്ക് അതത്‌ ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിക്കണം. അടുത്ത അധ്യയനവർഷം ക്ലാസുകൾ ജൂണിൽതന്നെ ഓൺലൈനായി ആരംഭിക്കണം. ഇങ്ങനെ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഹാജർ, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കുകയും സർവകലാശാലകൾ  പരിശോധിക്കുകയും വേണം.

സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ/ഓ‍ഡിയോ അതത്‌ അധ്യാപകർ എടുത്ത് കോളേജ്‌ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സർവകലാശാലകൾ കമ്യൂണിറ്റി റേഡിയോ ചാനലുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കണം. ചോദ്യപേപ്പർ ഓൺലൈനിൽ ലഭ്യമാക്കണം. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കണം. കോവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ സീറ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കും‌. സർവകലാശാലകൾ ഇതിനാവശ്യമായ നടപടി കൈക്കൊള്ളണം . ഗവേഷണ വിദ്യാർഥികളുടെ ഓപ്പൺ ഡിഫെൻസ് വീഡിയോ കോൺഫറൻസിങ് മുഖേന നടത്താനുള്ള നടപടിൾ സ്വീകരിക്കും. കേരള, എം ജി, കെടിയു, ന്യൂവാൽസ്, സംസ്കൃതം, കുസാറ്റ്, മലയാളം, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top