16 September Monday
ലിനി സ‌്മരണ

മായില്ല, ഓർമകൾ..., അമ്മസ‌്നേഹത്തിന്റെ കൊതിതീരാത്ത കുരുന്നുകളുടെ കളിക്കൊഞ്ചലുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കോഴിക്കോട‌്
അച്ഛന്റെ മടിയിൽ അനുസരണയോടെ ഇരുന്നു സിദ്ധാർഥ‌്  ആദ്യം. അടങ്ങിയിരുന്ന‌്  ക്ഷമകെട്ടപ്പോൾ അച്ഛൻ സജീഷിന്റെയും ചേട്ടന്റെയും കസേരക്ക‌് മുകളിൽ കയറിനിന്ന‌് കുറുമ്പ‌് കാണിക്കാൻ തുടങ്ങി. ഇടക്ക‌് ചേട്ടൻ റിഥുലിനോട‌്  ഉറക്കെ സംസാരിക്കും. സജീഷ‌് മൈക്കിൽ സംസാരിച്ച‌് തുടങ്ങിയപ്പോൾ  അമ്മയുടെ ചിത്രം പതിച്ച ബാഡ‌്ജ‌ുംകുത്തി പരിപാടി നടക്കുന്ന വേദിയിലങ്ങോട്ടുമിങ്ങോട്ടും ഓട്ടമായിരുന്നു. 

ഹാളിൽ തിങ്ങിനിറഞ്ഞവരുടെ കണ്ണിൽ നൊമ്പരത്തിന്റെ ഒരു തുള്ളി നിറച്ച‌് ആ കാഴ‌്ചകളെ അവൻ കൈയടക്കിയത‌് നിമിഷനേരംകൊണ്ടായിരുന്നു. ലിനിയുടെ അനു‌സ‌്മരണ ചടങ്ങിൽ  അമ്മസ‌്നേഹത്തിന്റെ കൊതിതീരാത്ത രണ്ട‌് കുരുന്നുകളുടെ കളിക്കൊഞ്ചലുകൾ സദസ്സിൽ നെടുവീർപ്പുയർത്തി. കേരള ഗവ. നേഴ‌്സ‌സ‌് അസോസിയേഷൻ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ലിനി അനുസ‌്മരണ ചടങ്ങിലായിരുന്നു മനസ്സിനെ മുറിപ്പെടുത്തിയ  നിമിഷങ്ങൾ. നിള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ‌ിൽ അച്ഛനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ‌് റിഥുലും സിദ്ധാർഥും എത്തിയത‌്.

ചടങ്ങ‌് ഉദ‌്ഘാടനത്തിന‌് എത്തിയ പി കെ ശ്രീമതി എംപിയും മുഖ്യാതിഥി നടി പാർവതി തിരുവോത്തും ഉമ്മവച്ചും ചേർത്തുപിടിച്ചും കുട്ടികളെ കൊഞ്ചിച്ചു.   മടികൂടാതെ  സിദ്ധാർഥ‌് ശ്രീമതിയുടെ ഒക്കത്ത‌് ചേർന്നിരുന്നു. തുടർന്ന‌് അവർ  ലിനിയുടെ അനുസ‌്മരണ ബാഡ‌്ജ‌് പിടിപ്പിച്ച‌് രണ്ടുപേരെയും ഫോട്ടോക്ക‌് പോസ‌് ചെയ്യിച്ചതോടെ ഇരുവരും ഹാപ്പിയായി.

സ‌്നേഹത്തിന്റെയും സേവനത്തിന്റെയും മൂർത്തീമത‌്  ഭാവമാണ‌് ലിനിയെന്ന‌് ഉദ‌്ഘാടന പ്രസംഗത്തിൽ പി കെ ശ്രീമതി അനുസ‌്മരിച്ചു. ആ നഷ‌്ടം നികത്താനാവില്ല.  കേരളമാകെ പരിഭ്രാന്തിയിലായ സമയത്ത‌് തനിക്ക‌് രോഗം വന്നുവെന്നറിഞ്ഞ ലിനിയുടെ ധൈര്യവും ആത്മബലവും അവരുടെ കത്തിൽ വ്യക്തമാണ‌്. ആരോഗ്യ മേഖലയിൽ അപകട സാധ്യതയോടെ ഏറ്റവും കൂടുതൽ സേവനം ചെയ്യുന്നത‌് നേഴ‌്സുമാരാണ‌്. ഇനിയൊരു ദുരന്തത്തെ നേരിടാനുള്ള കരുത്തും സംവിധാനവും ഈ അനുഭവം കേരളത്തിന‌് തന്നൂവെന്നും അവർ പറഞ്ഞു.

മനുഷ്യത്വത്തിന്റെ പ്രതീകമാണ‌് രോഗിയെ പരിചരിച്ചതിലൂടെ മരണത്തിന‌് കീഴടങ്ങിയ ലിനിയെന്ന‌് പാർവതി പറഞ്ഞു. സമൂഹത്തിന‌് മനുഷ്യത്വം  നഷ‌്ടപ്പെട്ടുപോകുകയാണെന്നും അത‌് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഒരുവർഷത്തിനിപ്പുറം വീണ്ടും മെഡിക്കൽ കോളേജിൽ എത്തുമ്പോൾ ഓർമകൾ വല്ലാതെ മുറിവേൽപ്പിക്കുന്നതായും സമൂഹത്തിന‌് ലിനിയോടുള്ള ആദരവാണ‌് തങ്ങളുടെ കരുത്തെന്നും  ലിനിയുടെ ഭർത്താവ‌് സജീഷ‌് പറഞ്ഞു‌. നിപാ അതിജീവിച്ച നേഴ‌്സിങ‌് വിദ്യാർഥി അജന്യയും ഓർമകൾ പങ്കുവച്ചു. എൻ എ ശ്യാമള അധ്യക്ഷയായി. പി ഉഷാദേവി, എം മുരളീധരൻ, എൻ ബി സുധീഷ‌് കുമാർ, സി ഉദയകുമാർ,  എന്നിവർ സംസാരിച്ചു.   എൻ വി  അനൂപ‌് സ്വാഗതവും എ  ബിന്ദു നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top