19 September Thursday

ഏഴംഗസമിതിയായി; സുധാകരൻ നോമിനികൾ നിറയും

സുജിത്‌ ബേബിUpdated: Wednesday Mar 22, 2023


തിരുവനന്തപുരം  
ഡിസിസികളിലും ബ്ലോക്ക്‌ കമ്മിറ്റികളിലും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അനുയായികളെ തിരുകിക്കയറ്റാനാകും വിധത്തിൽ ഏഴംഗ സ്‌ക്രിനിംഗ്‌ സമിതിയായി. ഏഴിൽ മൂന്നുപേർ സുധാകരനൊപ്പം നിൽക്കുന്നവരും അവശേഷിക്കുന്നവരിൽ ഓരോരുത്തർ ഉമ്മൻചാണ്ടിയുടെയും കെ സി വേണുഗോപാലിന്റെയും രമേശ്‌ ചെന്നിത്തലയുടെയും നോമിനികളാണ്‌. ഇതോടെ സുധാകരനെതിരെ എംപിമാർ ഡൽഹിയിൽ നടത്തിയ ഇടപെടലുകൾക്കും തിരിച്ചടിയായി.

കെ സി ജോസഫ്‌, കെ ജയന്ത്‌, ജോസഫ്‌ വാഴയ്‌ക്കൻ, എം ലിജു,   കൊടിക്കുന്നിൽ സുരേഷ്‌ എംപി, എംഎൽഎമാരായ എ പി അനിൽകുമാർ,  ടി സിദ്ദിഖ്‌ എന്നിവരാണ്‌ സമിതിയിലുള്ളത്‌. കൊടിക്കുന്നിൽ ഒഴികെയുള്ളവർ ഗ്രൂപ്പ്‌ നോമിനികളാണ്‌. ലിജു, സിദ്ദിഖ്‌, ജയന്ത്‌ എന്നിവർ സുധാകരനൊപ്പവും അനിൽകുമാർ കെ സി വേണുഗോപാലിന്റെയും ജോസഫ്‌ വാഴയ്‌ക്കൻ ചെന്നിത്തലയുടെയും നോമിനിയാണ്‌. ഉമ്മൻചാണ്ടിയാണ്‌ കെ സി ജോസഫിനെ സമിതിയിലുൾപ്പെടുത്തിയത്‌. അടുത്തകാലംവരെ ഉമ്മൻചാണ്ടിക്കൊപ്പംനിന്ന സിദ്ദിഖ്‌ മറുകണ്ടം ചാടിയാണ്‌ സുധാകരന്റെ സ്വന്തക്കാരനായത്‌.

ജില്ലകളിൽനിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക്‌ പ്രസിഡന്റുമാരുടെയും പേരിൽനിന്ന്‌ അന്തിമപട്ടിക രൂപീകരിക്കുകയാണ്‌ സമിതിയുടെ ദൗത്യം. ജില്ലാ ഉപസമിതികൾ നൽകിയ പട്ടിക പുനഃപരിശോധിച്ച്‌  10 ദിവസത്തിനകം തിരികെ നൽകാനാണ്‌ നിർദേശിച്ചിരിക്കുന്നത്‌.

സമിതിയിൽ മൂന്നുപേരെ ഉറപ്പിക്കാനായത്‌ കീഴ്‌ഘടകങ്ങളിൽ സുധാകരന്റെ ശക്തി വർധിപ്പിക്കാനുതകും.  ഇതോടെ അർഹതയ്‌ക്ക്‌ പ്രാധാന്യം നൽകാതെ വ്യക്തി താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള  വീതംവയ്‌പ്‌ പാർടിക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ ഒരു മുതിർന്ന നേതാവ്‌ പ്രതികരിച്ചു. ഉമ്മൻചാണ്ടിയെ തള്ളി സുധാകരനൊപ്പംപോയ സിദ്ദിഖിനെതിരെയും നേതാക്കൾക്ക്‌ പ്രതിഷേധമുണ്ട്‌. അണികൾക്ക്‌ വിശ്വാസ്യയോഗ്യമായ തരത്തിലല്ല പുതിയ സമിതിക്ക്‌ രൂപം നൽകിയതെന്നും മുതിർന്ന നേതാക്കൾ  പറയുന്നു. അതേസമയം, സുധാകരന്റെ നീക്കങ്ങൾക്കെതിരെ മറുചേരിയും കരുതി നീങ്ങുകയാണ്‌. ഇതോടെ വരുംദിവസങ്ങളിൽ പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കങ്ങൾ മൂർച്ഛിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top