30 May Saturday

മരട് ഫ്ലാറ്റ് : കെട്ടിടാവശിഷ്ടം നീക്കൽ 25ന് പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


കൊച്ചി
സുപ്രീംകോടതി നിർദേശപ്രകാരം മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യൽ ബുധനാഴ്ചയോടെ പൂർത്തിയാകും. പൊളിച്ച നാലു ഫ്ലാറ്റുകളിൽ രണ്ടെണ്ണത്തിന്റെ അവശിഷ്ടങ്ങൾ നീക്കൽ പൂർത്തിയായി. കുണ്ടന്നൂരിലെ എച്ച്ടുഒ ഹോളി ഫെയ്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നിവയുടെ അവശിഷ്ടങ്ങളാണ് നീക്കിയത്‌. ടോറസ് ഉപയോഗിച്ച് നെട്ടൂരിലെ ജെയിൻ കോറൽ കോവിന്റെ 100 ലോഡുകൾ നീക്കാനുണ്ട്. മിനി ടിപ്പർ ഉപയോഗിച്ച് നെട്ടൂരിലെ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളായ ആൽഫ സെറീനിന്റെ 300 ലോഡും നീക്കാനുണ്ട്‌. ഇത് ബുധനാഴ്ചയോടെ പൂർത്തിയാക്കാനാവുമെന്ന്‌ അവശിഷ്ടങ്ങൾ നീക്കാൻ കരാറെടുത്ത ആലുവ പ്രോംപ്റ്റ് അധികൃതർ പറഞ്ഞു.

ടോറസ് ലോറികൾ ഉപയോഗിച്ച് എച്ച്ടുഒ ഹോളിഫെയ്‌ത്തിന്റെ 875 ലോഡും മിനി ടിപ്പറുകൾ ഉപയോഗിച്ച് ഗോൾഡൻ കായലോരത്തിന്റെ 1050 ലോഡുമാണ് ഇതുവരെ നീക്കിയത്‌. അവശിഷ്ടങ്ങൾ വേർതിരിക്കുന്നത് ചെന്നൈ വിജയ സ്റ്റീൽസാണ്. കോവിഡ്‌–-19 ഭീതിയിൽ വിജയ സ്റ്റീൽസിന്റെ തൊഴിലാളികൾ പലരും വിട്ടുനിന്നത് കെട്ടിട അവശിഷ്ടങ്ങളുടെ നീക്കത്തെ ബാധിച്ചിരുന്നു.

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ, ആൽഫ സെറീൻ, ജെയിൻ കോറൽകോവ്‌, ‌ഗോൾഡൻ കായലോരം എന്നീ നാലു ഫ്ലാറ്റ്‌ സമുച്ചയങ്ങൾ ജനുവരി 11, 12 തീയതികളിലാണ്‌ പൊളിച്ചുനീക്കിയത്‌. ദിവസങ്ങൾക്കകം മാലിന്യനീക്കം തുടങ്ങിയെങ്കിലും തുടക്കത്തിൽ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. മാലിന്യനീക്കം പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി മാർച്ച്‌ ഒന്നിന് അവസാനിച്ചെങ്കിലും ഇത് തുടരുകയായിരുന്നു. കൂടാതെ മുന്നോട്ടുവച്ച നിർദേശങ്ങളോ മാനദണ്ഡങ്ങളോ ഒന്നും പാലിക്കാതെയാണ് മാലിന്യനീക്കം നടത്തിയതെന്ന ആക്ഷേപവും ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാനതല നിരീക്ഷകസമിതി ഉന്നയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top