16 June Sunday

എൽഡിഎഫിന്റെ ഗ്രഹനില പ്രവചിച്ചവർക്ക‌് അടിതെറ്റും: കാനം

സ്വന്തം ലേഖകൻUpdated: Friday Feb 22, 2019


കോഴിക്കോട്
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭാവിയും ഗ്രഹനിലയും പ്രവചിച്ച മാധ്യമ ജ്യോത്സ്യന്മാർക്ക് അടിതെറ്റുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാ പ്രവചനങ്ങളും സർവേയും തകർന്നടിയും. കഴിഞ്ഞയാഴ്ചത്തെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ഫലമടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും അനുഭവിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. അവർ എൽഡിഎഫിനെ കൈവിടില്ല. -വടക്കൻ മേഖലാ യാത്രയ‌്ക്ക് നൽകിയ സ്വീകരണങ്ങളിൽ ലീഡറായ കാനം പറഞ്ഞു.

പറഞ്ഞത് നടപ്പാക്കുക–- അതാണ് എൽഡിഎഫ് സർക്കാർ ഇവിടെ ചെയ്യുന്നത്‌. ആയിരം നല്ല ദിനങ്ങളുടെ അനുഭവം മതി ഈ സർക്കാരിനെ വിലയിരുത്താൻ. ജനങ്ങൾക്കൊപ്പമെന്ന് പിണറായി സർക്കാർ തെളിയിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര.

അവിശ്വാസികളുടെ സർക്കാരെന്നാണ് കോൺഗ്രസ്–-ബിജെപി ആക്ഷേപം. ശബരിമല വികസനത്തിനായി 739 കോടി രൂപയാണ് ഇത്തവണ ബജറ്റിൽ നീക്കിവച്ചത്. വിശ്വാസികളുടേ തെന്നവകാശപ്പെടുന്ന ഉമ്മൻചാണ്ടി സർക്കാർ 47 കോടി രൂപയും. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ശബരിമലയ്ക്കടുത്ത് എരുമേലിയിൽ വിമാനത്താവളത്തിനുള്ള പദ്ധതിയും ഈ സർക്കാർ കൊണ്ടുവരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരിൽ  വിശ്വാസികൾ സർക്കാരിനെതിരാണെന്ന് പറഞ്ഞ് പ്രവചനം നടത്തുന്നവർ ഇതൊക്കെ മനസ്സിലാക്കണം. വസ്തുതകളെ സത്യസന്ധമായി സമീപിച്ചാൽ ജനമനസ്സ‌് ആർക്കൊപ്പമെന്നറിയാനാകും–- - കാനം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top