16 June Sunday

പെരിയ കൊലപാതകം : തെളിവുകൾ നൽകേണ്ടത‌് അന്വേഷണ ഉദ്യോഗസ്ഥർക്ക‌് : കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


പെരിയ കൊലപാതകക്കേസ‌് സംബന്ധിച്ച‌് ആർക്കെങ്കിലും എന്തെങ്കിലും  വിവരം നൽകാനുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക‌് നൽകുകയാണ‌് വേണ്ടതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേസിൽ എംഎൽഎയ‌്ക്ക‌് പങ്കുണ്ടെന്ന‌് കൊല്ലപ്പെട്ട ശരത‌്‌ലാലിന്റെ അച്ഛൻ പറഞ്ഞല്ലോ എന്ന ചോദ്യത്തോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. അല്ലാതെ മാധ്യമങ്ങളോട‌് പറഞ്ഞ‌് അന്വേഷണം നടത്തുന്നത‌് ഫലപ്രദമാകില്ല. അറസ‌്റ്റിലായ പീതാംബരന്റെ കുടുംബത്തെ സമീപിച്ച‌് പലരും പലതും പറഞ്ഞിട്ടുണ്ടാകാം. പക്ഷേ, സംഭവത്തിൽ പാർടി നിലപാട‌് വ്യക്തമാക്കിയിട്ടുണ്ട‌്.

ഏതെങ്കിലും വ്യക്തികൾ വാഗ്ദാനം നൽകിയെങ്കിൽ അത‌് അവരുടെ നിലപാടാണ‌്. പാർടിയെന്ന നിലയിൽ ഒരു സഹായവും നൽകില്ല. കൊല്ലപ്പെട്ടവരുടെ വീട‌് മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചത‌് ജനപ്രതിനിധി എന്ന നിലയിലാണ‌്. അത്തരം നിലപാടാണ‌് സ്വീകരിക്കേണ്ടത‌്. മന്ത്രി സർക്കാർ പ്രതിനിധിയുമാണ‌്. കേസിൽ സിബിഐ അന്വേഷണം വേണമെന്നത‌് ആ കുടുംബത്തിന്റെ അഭിപ്രായമാണ‌്. എല്ലാ സംഭവങ്ങളും സിബിഐ അന്വേഷിച്ചാൽ മതിയെങ്കിൽ കേരള പൊലീസ‌് പിരിച്ചുവിടുകയല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ‌് പീതാംബരനെതിരെ സിപിഐ എം ജില്ലാകമ്മിറ്റി നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസുമായി ശത്രുതാ മനോഭാവമില്ല: കോടിയേരി
എൻഎസ്എസുമായി ശത്രുതാ മനോഭാവമില്ലാത്തതിനാലാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന‌് പറഞ്ഞതെന്ന‌് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സാന്ദർഭികമായി പറഞ്ഞതാണ‌്. അതു  ദൗർബല്യമായി കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയോടുള്ള എതിർപ്പ് സർക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല. വിധി അംഗീകരിക്കില്ലെന്നത് ഭരണഘടനാവിരുദ്ധമാണ്.

സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടും തയ്യാറാകാതിരുന്നാൽ ഒന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുമെന്ന് പറഞ്ഞിട്ട് നടത്താത്തതെന്തെന്ന  മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന‌്, ജാഥ നിർത്തിവച്ച് ചർച്ച ചെയ്യാൻ കഴിയില്ലല്ലോ എന്ന‌് കോടിയേരി മറുപടി നൽകി. ചർച്ച ആരുമായും ആകാം. ഇപ്പോൾ നിങ്ങളുമായി ചർച്ച ചെയ്യുന്നില്ലേ. ഞങ്ങളെ ഏറ്റവും എതിർക്കുന്ന മലയാള മനോരമയുമായും മാതൃഭൂമിയുമായും ഏഷ്യാനെറ്റുമായുമൊക്കെ  ചർച്ച നടത്താറുണ്ട്. ആരുടെ മുന്നിലും ചർച്ചയുടെ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരുവിൽ അക്രമം കാട്ടിയാൽ ശബരിമല വിഷയത്തിലെ  സുപ്രീംകോടതി വിധിയിൽ മാറ്റമുണ്ടാകില്ല. വിധിയിൽ എതിർപ്പുള്ളവർ റിവ്യൂ ഹർജിയിൽ വിധി വരുംവരെ കാത്തിരിക്കുകയാണ‌് വേണ്ടത‌്. ശബരിമലയിലെ നിലപാട‌് എൽഡിഎഫിന‌് തെരഞ്ഞെടുപ്പിൽ അനുകൂലമാകും. വോട്ടും സീറ്റും കൂടും. പത്തനംതിട്ട ഇടതുപക്ഷത്തിന‌് പ്രതീക്ഷയുള്ള സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top