14 November Thursday

നന്മയുടെ കൈത്താങ്ങിൽ ബിജുവിന്‌ രണ്ടാംജന്മം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


അങ്കമാലി
നന്മയുടെ കൈത്താങ്ങിൽ യോർദനാപുരം മുണ്ടകത്തുപറമ്പിൽ ബിജു (45)വിന്‌ പുനർജന്മം. അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയുടെ ‘ഹൃദയത്തിനായ്‌’ പദ്ധതിയും കർദിനാൾ മാർ ജോസഫ്‌ പാറേക്കാട്ടിൽ ട്രസ്‌റ്റുമാണ്‌ യുവാവിന്‌ താങ്ങായത്‌.

ബിജുവിന്‌ രണ്ടാഴ്‌ചമുമ്പ്‌ ജനിച്ച കുഞ്ഞിന്‌ 600 ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളു. വിദഗ്‌ധ ചികിത്സയ‌്ക്കായി എൽഎഫ്‌ ആശുപത്രിയിൽ കൊണ്ടുവന്നു. കുഞ്ഞിന്റെ ചികിത്സയ‌്ക്ക്‌ വലിയ തുക വേണ്ടിവരുമെന്നറിഞ്ഞ്‌ വിഷമിച്ച ബിജുവിനെയും കുടുംബത്തെയും സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചു.

ഈ വിഷമസന്ധിക്കിടയിലാണ്‌ ബിജു കുഴഞ്ഞുവീണത്‌. മൂന്നു രക്തക്കുഴലുകളിൽ തടസ്സം കണ്ടെത്തി. എത്രയുംവേഗം ഹൃദയശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചു. കടുത്ത പ്രതിസന്ധിയിൽ തളർന്ന കുടുംബത്തിന്‌ യോർദാനാപുരം പള്ളി വികാരി ഫാ. സെബാസ്‌റ്റ്യൻ കളപ്പുരയ്‌ക്കൽ സഹായവുമായെത്തി. ഇദ്ദേഹത്തിന്റെ ഇടപെടലിൽ കിടങ്ങൂരിലെ കർദിനാൾ ജോസഫ്‌ പാറേക്കാട്ടിൽ ട്രസ്‌റ്റ്‌ ചെയർമാൻ ബെന്നി പാറേക്കാട്ടിൽ ചികിത്സയ്‌ക്കുള്ള രണ്ടുലക്ഷം രൂപ നൽകി.

ശസ്‌ത്രക്രിയയ‌്ക്കായി നേതൃത്വംനൽകിയ ഡോ. എ കെ റഫീക്കിനും ഡോ. പ്രസാദ്‌ കുട്ടപ്പനും കാർഡിയോളജി തലവൻ ഡോ. സ്‌റ്റിജി ജോസഫിനും നേഴ്‌സുമാർക്കും പാറേക്കാട്ടിൽ ട്രസ്‌റ്റ്‌ ഭാരവാഹികൾക്കും മധുരം നൽകിയാണ്‌ ബിജു ആശുപത്രി വിട്ടത്‌.  ബിജുവിന്റെ കുഞ്ഞും സുഖം പ്രാപിച്ചുവരുന്നു. ‘ഹൃദയത്തിനായ്‌’ പദ്ധതിപ്രകാരമുള്ള എട്ടാമത്തെ ശസ്‌ത്രക്രിയയാണ്‌ ബിജുവിന്റേതെന്ന്‌ ഫാ. സെബാസ്‌റ്റ്യൻ കളപ്പുരയ്‌ക്കൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top