28 February Friday

ജീവനെടുത്തത്‌ റിസോർട്ടുകാരുടെ കടുത്ത അനാസ്ഥ ; മുന്നറിയിപ്പ്‌ നൽകാനോ സൗകര്യമൊരുക്കാനോ ജീവനക്കാർ തയ്യാറായില്ല

വിജേഷ്‌ ചൂടൽUpdated: Thursday Jan 23, 2020

തിരുവനന്തപുരം > നേപ്പാളിൽ മലയാളികളായ എട്ടുപേർ ദാരുണമായി മരിച്ചത്‌ റിസോർട്ട്‌ അധികൃതരുടെ കടുത്ത അനാസ്ഥമൂലം. ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടിലും അകപ്പെട്ടുപോയവർ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്‌ അറിയാതെ വീണുപോവുകയായിരുന്നു. ആവശ്യമായ മുന്നറിയിപ്പ്‌ നൽകാനോ സൗകര്യമൊരുക്കാനോ റിസോർട്ട്‌ ജീവനക്കാർ തയ്യാറായില്ലെന്നാണ്‌ വിവരം.

കാഠ്മണ്ഡുവിൽനിന്ന‌് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ 15 അംഗ സംഘം എത്തിയത്‌. സമുദ്രനിരപ്പിൽനിന്ന്‌ 7600 ലേറെ അടി ഉയരത്തിലുള്ള മലമുകളിലെ റിസോർട്ടിൽ ആകെ നാല്‌ മുറികളാണ്‌  ബുക്ക്‌ ചെയ്‌തിരുന്നത്‌. കനത്ത മഞ്ഞുവീഴ്‌ച കാരണം പ്രദേശമാകെ ഇരുണ്ടിരുന്നു.  ഭക്ഷണത്തിനുശേഷം രാത്രി മുറിയിലെത്തിയപ്പോൾ  മൈനസ്‌ മൂന്ന്‌ ഡിഗ്രിയിലും താഴെയായിരുന്നു  താപനില. രാത്രിയിൽ ഇത്‌ മൈനസ്‌ 10 ഡിഗ്രിയിലും  താഴുമെന്ന്‌ ഹോട്ടൽ ജീവനക്കാർ മുന്നറിയിപ്പ്‌ നൽകിയതോടെ സംഘാംഗങ്ങൾ ആശങ്കയിലായി. കുട്ടികൾ ഒപ്പമുള്ളത്‌ ആശങ്ക വർധിപ്പിച്ചു.


 

ഹീറ്ററുള്ള ഒരു റൂമിലിരുന്ന്‌ ചർച്ചചെയ്‌തശേഷം ഇവർ റസ്‌റ്റോറന്റിലെ ചൂടിൽ അഭയം തേടി. ഇത്രയും തണുപ്പ്‌ സഹിക്കാനാകില്ലെന്നും തങ്ങൾ രാത്രി റസ്‌റ്റോറന്റിൽത്തന്നെ കഴിച്ചുകൂട്ടാമെന്നും ഇവർ പറഞ്ഞെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. തണുപ്പകറ്റാനുള്ള മാർഗമില്ലാതെ മുറിയിൽ കഴിയാനാകില്ലെന്ന്‌ പറഞ്ഞ്‌ തർക്കിച്ചതോടെയാണ്‌ പഴയ ഒരു ഹീറ്റർ ജീവനക്കാരൻ സംഘടിപ്പിച്ചു നൽകിയത്‌. മറ്റ്‌ വഴിയില്ലാത്തതിനാൽ ഈ ഹീറ്റർ വച്ച മുറിയിൽ പ്രവീണിന്റെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾ ഒന്നിച്ച്‌ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. രഞ്ജിത്തിന്റെ മൂത്തമകൻ മാധവ്‌ ഈ സമയം മറ്റേ മുറിയിൽ ഉറക്കംപിടിച്ചിരുന്നു. അതിനാൽ കുട്ടിയെ അവിടെത്തന്നെ കിടത്തി.  ദുരന്തത്തിൽനിന്ന്‌ മാധവ്‌ അങ്ങനെയാണ്‌ രക്ഷപ്പെട്ടത്‌.

ഹീറ്റർ പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങളൊന്നും റിസോർട്ട്‌ ജീവനക്കാർ നൽകിയിരുന്നില്ലെന്നാണ്‌ പ്രവീണിന്റെയും രഞ്ജിത്തിന്റെയും സുഹൃത്തുക്കൾ നൽകുന്ന വിവരം. തുറസ്സായ സ്ഥലത്ത്‌ ഉപയോഗിക്കുന്ന ഹീറ്റർ അടച്ചിട്ട മുറിയിൽ വയ്‌ക്കുന്നതിലെ അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പും നൽകിയിരുന്നില്ല. അതിനാലാണ്‌ വായുസഞ്ചാരം അൽപ്പംപോലും അനുവദിക്കാതെ ജനാലകളെല്ലാം അടച്ചുകുറ്റിയിട്ട്‌ ഇവർ കിടന്നത്‌. ഉപയോഗിക്കാതെ കേടായിരുന്ന ഹീറ്ററാണ്‌ ജീവനക്കാർ നൽകിയതെന്നും സംശയിക്കുന്നുണ്ട്‌. നേപ്പാൾ ടൂറിസം വകുപ്പ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണത്തിന്‌ വിദേശമന്ത്രാലയം ഇടപെടണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നു.

കേന്ദ്രം ചെലവ്‌ നിരസിച്ചത്‌ ടൂറിസ്റ്റുകളായതിനാൽ
മൃതദേഹം നേപ്പാളിൽ നിന്ന്‌ നാട്ടിലെത്തിക്കാമെന്ന്‌ വിദേശമന്ത്രാലയം ആദ്യം സമ്മതിച്ചുവെങ്കിലും പിൻവാങ്ങിയത്‌ സാങ്കേതിക കാരണത്താൽ.
വിനോദസഞ്ചാരികളായതിനാൽ ചെലവ്‌ ഏറ്റെടുക്കാൻ നിർവാഹമില്ലെന്ന്‌ പറഞ്ഞാണ്‌ വിദേശ മന്ത്രാലയം അവസാന നിമിഷം പണം അനുവദിക്കാതെ കൈയൊഴിഞ്ഞത്‌.

എംബസി ഒഴിഞ്ഞുമാറിയ സാഹചര്യത്തിൽ ഇതൊരു പ്രത്യേക സാഹചര്യമായി പരിഗണിച്ചാണ്‌ ചെലവ്‌ ഏറ്റെടുക്കുന്നതെന്ന്‌ നോർക്ക റൂട്ട്‌സ്‌ വൈസ്‌ചെയർമാൻ കെ വരദരാജൻ പറഞ്ഞു. ഇക്കാര്യം അറിയിച്ച്‌ കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിക്ക്‌ നോർക്ക റൂട്ട്‌സ്‌ സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി ഇ–-മെയിൽ അയച്ചതോടെയാണ്‌ തുടർനടപടികൾ വേഗത്തിലായത്‌.നോർക്ക സിഇഒ വിളിച്ചിരുന്നെന്നും ഈ ഇടപെടൽ വലിയ ആശ്വാസമായെന്നും കാഠ്‌മണ്ഡുവിലുള്ള പ്രവീണിന്റെ സുഹൃത്ത്‌ പ്രശാന്ത്‌ പറഞ്ഞു.

ദുരന്തം നേപ്പാൾ സർക്കാർ അന്വേഷിക്കും
കാഠ്‌മണ്ഡു
നേപ്പാൾ മക്കവൻപൂർ ജില്ലയിലെ ദമാനിൽ റിസോട്ടിൽ മലയാളികൾ മരിച്ച സംഭവം നേപ്പാൾ സർക്കാർ അന്വേഷിക്കും. ഇതിനായി അഞ്ചാംഗ സംഘത്തെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കും.


പ്രധാന വാർത്തകൾ
 Top