19 September Thursday

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികൾ രാപ്പകല്‍ സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

തിരുവനന്തപുരം
ചീഫ് ജനറൽ മാനേജർ ഓഫീസിനു മുമ്പിൽ ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ രാപ്പകൽ സത്യഗ്രഹം തുടങ്ങി. സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്‌ച രാവിലെ ആരംഭിച്ച സമരം ബുധനാഴ്‌ച രാത്രി അവസാനിക്കും. 

ആറുമാസത്തെ ശമ്പളം കുടിശ്ശിക സഹിതം വിതരണംചെയ്യുക, പിരിച്ചുവിടൽ നടപടി അവസാനിപ്പിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ്‌ സമരം.

  ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ  ജൂൺ 24 മുതൽ തിരുവനന്തപുരം ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിനു മുമ്പിലും, ജൂലൈ ഒന്നുമുതൽ ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹം തുടരുകയാണ്. സമരം രണ്ടുമാസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ശമ്പളം നൽകാനോ പിരിച്ചുവിടൽ നടപടികളിൽനിന്ന് പിന്തിരിയാനോ മാനേജ്മെന്റ് തയ്യാറായിട്ടില്ല.  ചീഫ് ജനറൽ മാനേജരുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഡൽഹിയിൽനിന്ന്  ഫണ്ടനുവദിച്ചാലേ ശമ്പളം നൽകാൻ കഴിയൂ എന്ന നിലപാടിലാണ്‌ മാനേജ്മെന്റ്‌.  56 വയസ്സ് കഴിഞ്ഞവരെ നിലനിർത്തില്ലെന്ന നിലപാടിൽ മാറ്റം വരുത്തില്ലന്ന വാദവും ആവർത്തിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ തിരുവനന്തപുരം ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിനു മുമ്പിൽ രാപ്പകൽ സത്യഗ്രഹം.  

ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് വി എ എൻ നമ്പൂതിരി, കോൺഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ജനറൽ എം കൃഷ്ണൻ, എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നഹാസ്, ബിഎസ്എൻഎൽഇയു സംസ്ഥാന സെക്രട്ടറി സി സന്തോഷ് കുമാർ, സമരസഹായ സമിതി ജില്ലാ ചെയർമാൻ ഡി മോഹനൻ, സിസിഎൽയു സംസ്ഥാന വൈസ് പ്രസിഡന്റ് അജിത് കുമാർ എന്നിവർ സംസാരിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top