കൊച്ചി
ലക്ഷദ്വീപ് കപ്പലായ ‘എംവി ലഗൂണി’ന്റെ അറ്റകുറ്റപ്പണി കൊച്ചി കപ്പൽശാലയിൽ ഈ മാസം പൂർത്തിയാകും. ഷിപ്പിങ് കോർപറേഷൻ നേരിട്ടുനടത്തുന്ന ‘എംവി കവരത്തി’യുടെ അറ്റകുറ്റപ്പണി അനിശ്ചിതമായി നീളുകയാണ്. ‘ലക്ഷദ്വീപ് സീ’ കപ്പലിന്റെ അറ്റകുറ്റപ്പണിക്കുമുന്നോടിയായുള്ള ഡ്രൈഡോക്ക് സർവേ അടുത്തമാസം ഡോക്ക് ലഭ്യമാകുന്നതോടെ കപ്പൽശാലയിൽ ആരംഭിക്കും. ഇതുമൂന്നും കൃത്യസമയത്ത് നടന്നാൽമാത്രമേ ദ്വീപുജനതയുടെ യാത്രാദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസമാവൂ.
അതുവരെ, നിലവിൽ സർവീസ് നടത്തുന്ന എംവി കോറൽസ്, അറേബ്യൻ സീ എന്നിവമാത്രമാകും ആശ്രയം. ഏഴ് കപ്പൽസർവീസുണ്ടായിരുന്നിടത്ത് രണ്ടെണ്ണം മാത്രമാകുമ്പോഴുള്ള ദുരിതം തുടരുകയാണ്. കപ്പൽ അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ വഴിതേടി ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസലും മറ്റു ജനപ്രതിനിധികളും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലും കപ്പൽശാലയിലും തിങ്കളാഴ്ച സന്ദർശനം നടത്തി. ഡിവൈഎഫ്ഐ നേതൃത്വത്തിൽ അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് മാർച്ചും നടത്തി.
ജനവിരുദ്ധ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ വന്നശേഷമാണ് കപ്പലുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താതെയും രോഗികൾക്കുള്ള ഹെലികോപ്റ്റർ ആംബുലൻസ് സർവീസ് വെട്ടിച്ചുരുക്കിയും ദ്വീപുജനതയെ ദുരിതത്തിലാക്കിയത്.
നാനൂറ് യാത്രക്കാരെ കയറ്റാവുന്ന എംവി ലഗൂൺ ഉടൻ യാത്രാസജ്ജമാകുമെന്ന പ്രതീക്ഷയാണ് കപ്പൽശാല സന്ദർശിച്ചശേഷം എംപി മാധ്യമങ്ങളുമായി പങ്കുവച്ചത്. 750 യാത്രക്കാരെയും 200 ടൺ ചരക്കും കയറ്റാവുന്ന എംവി കവരത്തി ചെറിയ തീപിടിത്തംമൂലം ആറുമാസമായി സർവീസ് നിർത്തിയിരിക്കുകയാണ്.
നൂറ്റമ്പത് യാത്രക്കാരെവീതം കയറ്റാവുന്ന എംവി അമിൻദിവി, എംവി മിനിക്കോയ് കപ്പലുകൾ പൊളിക്കാനുള്ള ശാഠ്യത്തിൽത്തന്നെയാണ് ലക്ഷദ്വീപ് ഭരണകൂടം. പകരം സംവിധാനം ഏർപ്പെടുത്താതെ, മൂന്നുവർഷംകൂടി കാലാവധിയുള്ള കപ്പലുകൾ പൊളിക്കരുതെന്ന അഭ്യർഥന അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നും എംപി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..