12 August Wednesday

മുല്ലപ്പള്ളി, കേരള കോൺഗ്രസ്‌, ലീഗിന്റെ തീവ്രവാദ ബന്ധം ; പിടിവിട്ട്‌ യുഡിഎഫ്

കെ ശ്രീകണ‌്ഠൻUpdated: Sunday Jun 21, 2020


തിരുവനന്തപുരം
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ ആക്ഷേപിച്ച കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ മുസ്ലിംലീഗ്‌ പരസ്യമായി തള്ളിപ്പറഞ്ഞു. കേരള കോൺഗ്രസ്‌ തർക്കം നിർണായക വഴിത്തിരിവിലെത്തി. ഇതോടെ യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിൽ.

തീവ്രവാദ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള തീരുമാനത്തിൽ മുസ്ലിംലീഗിലും ഭിന്നത ശക്തമാണ്‌. കോൺഗ്രസിൽ എ, ഐ ഗ്രൂപ്പും മുല്ലപ്പള്ളി വിഭാഗവും തമ്മിലുള്ള ചേരിപ്പോര്‌ വിവാദ പരാമർശത്തോടെ രൂക്ഷമായി. മുല്ലപ്പള്ളിക്കെതിരെ ഇരുവിഭാഗവും ഹൈക്കമാൻഡിനെ സമീപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്‌ മുല്ലപ്പള്ളിയുമായി ചർച്ച നടത്തി.

മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ മുല്ലപ്പള്ളിയുടെ പരാമർശത്തിൽ പരസ്യമായി എതിർപ്പ്‌ പ്രകടിപ്പിച്ചത്‌ കോൺഗ്രസ്‌ നേതൃത്വത്തെ ആശങ്കയിലാക്കി‌.
ആരോഗ്യ മന്ത്രിക്കെതിരായ പരാമർശം പിൻവലിക്കണമോ എന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ തീരുമാനിക്കണമെന്നാണ്‌ ലീഗ്‌ ആവശ്യപ്പെട്ടത്‌. മുസ്ലിംലീഗിന്റെ എതിർപ്പ്‌ പുറത്തുവന്നതോടെയാണ്‌ എ, ഐ ഗ്രൂപ്പുകൾ പ്രശ്‌നം ഹൈക്കമാൻഡിന് മുന്നിലെത്തിച്ചത്‌. ഉമ്മൻചാണ്ടിയെ യുഡിഎഫ്‌ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരാനുള്ള സമ്മർദം ലീഗ്‌  ശക്തമാക്കും.

തീവ്രവാദ ബന്ധം തിരിച്ചടിക്കും
ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകളുമായി കൂട്ടുചേരാനുള്ള മുസ്ലിംലീഗ്‌ തീരുമാനം‌ ലീഗിനുള്ളിൽ പ്രതിസന്ധി കടുപ്പിച്ചിരിക്കുന്നു‌. യൂത്ത്‌ ലീഗ്‌ ഇതിനെതിരെ ശക്തമായി രംഗത്തുവന്നെങ്കിലും എതിർപ്പ്‌ വകവയ്‌ക്കാതെ മുന്നോട്ടുപോകാനാണ്‌ ലീഗ്‌ തീരുമാനം. വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കുമെന്ന്‌ ലീഗ്‌ ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ വ്യക്തമാക്കി. ലീഗ്‌ തീരുമാനത്തോട്‌ കോൺഗ്രസോ, യുഡിഎഫ്‌ നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

കുഴഞ്ഞുമറിഞ്ഞ്‌ കേരള കോൺഗ്രസ്‌
കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളിയ കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷം രണ്ടും കൽപ്പിച്ച്‌ നിലയുറപ്പിച്ചിരിക്കുകയാണ്‌. വിട്ടുവീഴ്‌ചക്കില്ലെന്ന്‌ ആവർത്തിക്കുയാണ്‌‌ ഇവർ.  രാജിവച്ചില്ലെങ്കിൽ ജോസഫ്‌ ഗ്രൂപ്പുമായി ചേർന്ന്‌ അവിശ്വാസം കൊണ്ടുവരാനാണ്‌ കോൺഗ്രസ്‌ തീരുമാനം. അങ്ങനെ സംഭവിച്ചാൽ ജോസ്‌ കെ മാണി പക്ഷം യുഡിഎഫിന്‌ പുറത്താകും.

എന്നാൽ, ഇരുപക്ഷത്തെയും മുന്നണിയിൽ നിലനിർത്താനുള്ള ശ്രമം ഉമ്മൻചാണ്ടി തുടരുന്നു‌. കേരള കോൺഗ്രസിലെ തമ്മിലടിമൂലം കലങ്ങിമറിഞ്ഞ യുഡിഎഫിന്‌ വരുംദിവസങ്ങൾ നിർണായകമാണ്‌. അവിശ്വാസപ്രമേയത്തിൽ കോൺഗ്രസ്‌ അംഗങ്ങൾ ഒപ്പിട്ടില്ലെങ്കിൽ ജോസഫ്‌ വിഭാഗം തീരുമാനമെടുക്കുന്നതിന്‌ പി ജെ ജോസഫിനെ ചുമതലപ്പെടുത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top