25 August Sunday

കുണ്ടന്നൂർ–-നെട്ടൂർ പാലത്തിലും വിള്ളൽ; 29 കോടി രൂപ മുടക്കി നിർമിച്ച പാലം നിർമാണത്തിനിടെ ഒരു പ്രാവശ്യം നിലംപൊത്തിയത‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

 


കൊച്ചി
യുഡിഎഫ‌് സർക്കാർ 400 ദിനം 100 പാലം എന്ന പദ്ധതിയിൽ നിർമിച്ച കുണ്ടന്നൂർ–-നെട്ടൂർ പാലത്തിൽ വിള്ളൽ. രണ്ട‌ു മാസംമുമ്പ‌് ഗതാഗതത്തിന‌് തുറന്ന പാലത്തിന്റെ നെട്ടൂർ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ ഗർഡറിൽ രണ്ടിടത്താണ‌് വിള്ളലുള്ളത‌്.  കെ ബാബു മന്ത്രിയായിരിക്കെ സ്വന്തം മണ്ഡലത്തിൽ 29 കോടി രൂപ മുടക്കി നിർമിച്ച പാലം നിർമാണത്തിനിടെ ഒരു പ്രാവശ്യം നിലംപൊത്തിയതുമാണ‌്. 

നെട്ടൂർ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ ഗർഡർ ആദ്യ ഗർഡറുമായി ചേരുന്ന ഭാഗത്താണ‌് വെള്ളിയാഴ‌്ച രാവിലെ നാട്ടുകാർ വിള്ളൽ കണ്ടെത്തിയത‌്. ഗർഡറിന്റെ രണ്ടുവശത്തായാണ‌് നെടുനീളത്തിൽ പൊട്ടലുള്ളത‌്. ഒന്നിന‌് ഒരു മീറ്ററോളം നീളവും മറ്റേതിന‌് രണ്ട‌ു മീറ്ററിലേറെ നീളവുമുണ്ട‌്.  രണ്ട‌് എംഎം മുതൽ നാല‌് എംഎം വരെ വീതിയിലാണ‌് പൊട്ടൽ. ഗർഡറിന‌ു മുകളിൽ ടാറിങ്ങിന‌ു പകരം കോൺക്രീറ്റ‌് വിരിച്ചതിലുണ്ടായ പൊട്ടലാണെന്നാണ‌് ആദ്യം കരുതിയതെങ്കിലും പാലത്തിൽ മറ്റിടത്തൊന്നും അത്തരം വിള്ളലില്ല. തുടർന്ന‌് നഗരസഭാ അധികൃതരെയും ജനപ്രതിനിധികളെയും വിവിരമറിയിച്ചു.

നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന‌് പൊതുമരാമത്ത‌് എക‌്സിക്യൂട്ടീവ‌് എൻജിനിയർ സ്ഥലത്തെത്തി പൊട്ടൽ പരിശോധിച്ചു. എം സ്വരാജ‌് എംഎൽഎയും സ്ഥലത്തെത്തി. വിഷയം മന്ത്രി ജി സുധാകരനെ അറിയിച്ചെന്നും എം സ്വരാജ‌് എംഎൽഎ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന‌് മുന്നോടിയായാണ‌് യുഡിഎഫ‌് നെട്ടൂർ പാലം നിർമാണം ആരംഭിച്ചത‌്.

തൂണുകളുടെ നിർമാണം പൂർത്തിയാക്കി സ‌്പാനുകൾ സ്ഥാപിക്കുന്നതിനിടെ ബീമുകൾ തകർന്ന‌് പാലം അപ്പാടെ നിലംപൊത്തിയിരുന്നു. നിർമാണ ജോലിയിലുണ്ടായിരുന്ന അഞ്ച‌് തൊഴിലാളികൾക്ക‌് പരിക്കേറ്റു. ഭരണനേട്ടമായി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ വഴിവിട്ട നടപടികൾ പലതും പാലം നിർമാണത്തിൽ ഉണ്ടായതായി അന്നേ ആക്ഷേപമുയർന്നിരുന്നു.

 


പ്രധാന വാർത്തകൾ
 Top