06 June Saturday

നിപായ‌്ക്കെതിരായ കുരിശുയുദ്ധം ശുഭാന്ത്യത്തിലേക്ക‌് ; പരിശോധിച്ചത‌് 36 സാമ്പിളുകൾ

സ്വന്തം ലേഖകൻUpdated: Saturday Jun 22, 2019കൊച്ചി
സംസ്ഥാനത്ത‌് നിപാ വൈറസിന്റെ രണ്ടാംവരവും വവ്വാലുകളിലൂടെയാണെന്ന‌് സ്ഥിരീകരിച്ചതോടെ കില്ലർ വൈറസിനെതിരെ സംസ്ഥാന സർക്കാർ നടത്തിയ കുരിശുയുദ്ധത്തിന‌് ശുഭാന്ത്യം. രോഗബാധ തടയാനുള്ള ആസൂത്രിതനീക്കങ്ങളിലെന്നപോലെ നിപാ വൈറസിന്റെ ഉറവിടത്തെക്കുറിച്ചുള്ള സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ കണക്കുകൂട്ടലുകളും പിഴച്ചില്ലെന്ന‌് ഇതിൽനിന്ന‌് വ്യക്തമാകുന്നു. മുമ്പ‌് നിപാ ബാധിച്ചിടങ്ങളിലെല്ലാം തുടർച്ചയായി മരണം വിതച്ച ചരിത്രമുള്ളപ്പോൾ, ഒരു ജീവൻപോലും  മരണത്തിന‌് വിട്ടുകൊടുക്കാതെ വൈറസിന്റെ രണ്ടാംവരവിനെ പരാജയപ്പെടുത്തി ആരോഗ്യകേരളം പുതിയ ചരിത്രമെഴുതി.

കഴിഞ്ഞവർഷം കോഴിക്കോട്ട‌് 18 പേരുടെ മരണത്തിനിടയാക്കിയ നിപാ വൈറസ‌് ബാധ ഈ വർഷം സംസ്ഥാനത്ത‌് എവിടെയെങ്കിലും ആവർത്തിക്കുമെന്ന‌് ആരോഗ്യവകുപ്പ‌് കണക്കാക്കിയിരുന്നു. കഴിഞ്ഞവർഷം മെയ‌് മധ്യത്തിലാണ‌് കോഴിക്കോട‌് ചങ്ങോരത്ത‌് പേരാമ്പ്രയിൽ നിപാ ബാധ കണ്ടെത്തിയത‌്. കർശന പ്രതിരോധപ്രവർത്തനങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും അതിവേഗം രോഗബാധ തടയാനായി. വൈറസ‌് ബാധിച്ച രണ്ടുപേരുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു. രോഗാണുവിന്റെ പ്രാഥമികവാഹകരായ വവ്വാലുകളെ കേന്ദ്രീകരിച്ചുതന്നെയാണ‌് ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടത്തിയത‌്. നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിലെ വിദഗ‌്ധർ കോഴിക്കോട്ട‌് പിടികൂടി പരിശോധിച്ച 22 ശതമാനം വവ്വാലുകളും നിപാ വൈറസ‌് വാഹകരാണെന്നും കണ്ടെത്തി. കോഴിക്കോട്ടെ രോഗബാധ നിയന്ത്രണത്തിലായതുമുതൽ നിപായുടെ രണ്ടാംവരവ‌് പ്രതീക്ഷിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങളും മുൻകരുതലുകളും സംസ്ഥാന ആരോഗ്യവകുപ്പ‌് ആവിഷ‌്കരിച്ച‌് കഴിഞ്ഞിരുന്നു. വവ്വാലുകളുടെ പ്രജനനകാലമായ മെയ‌്–-ജൂൺ മാസങ്ങളിലാണ‌് ഇവ വൈറസ‌് വാഹകരാകുന്നതെന്ന നിർണായക കണ്ടെത്തലുമുണ്ടായിരുന്നു.

അതനുസരിച്ച‌് കഴിഞ്ഞവർഷം നവംബറിൽത്തന്നെ ഇവയ‌്ക്കെതിരെയുള്ള കർമപദ്ധതി ആരോഗ്യവകുപ്പ‌് തയ്യാറാക്കി. ഡിസംബറോടെ സംസ്ഥാനത്തെ സ്വകാര്യ മേഖലയിലുൾപ്പെടെ എല്ലാ ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകി. രോഗാണു നിരീക്ഷണം, ആശുപത്രികളിൽ രോഗാണു സംക്രമണനിയന്ത്രണം, വ്യാപക ബോധവൽക്കരണം എന്നിവ നടപ്പാക്കി. ഇതെല്ലാം ഊർജിതമായി നടന്നുവരുമ്പോഴാണ‌് എറണാകുളം ജില്ലയിൽ ജൂൺ ആദ്യം ഒരാൾക്ക‌് നിപാ രോഗലക്ഷണം സ്ഥിരീകരിച്ചത‌്. തുടർന്ന‌് സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയാകെ ഇവിടേക്ക‌് കേന്ദ്രീകരിക്കുകയായിരുന്നു. പിന്നീട‌് യുദ്ധകാലസമാനമായ പ്രവർത്തനങ്ങളാണ‌് കേന്ദ്ര ആരോഗ്യവകുപ്പിനെയും വിവിധ ഏജൻസികളെയും സംയോജിപ്പിച്ച‌് സംസ്ഥാന സർക്കാരും ആരോഗ്യവിഭാഗവും നടത്തിയത‌്.

ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രിൻസിപ്പൽ സെക്രട്ടറിയും ഉന്നതോദ്യോഗസ്ഥരും എറണാകുളത്ത‌് ക്യാമ്പ‌് ചെയ‌്ത‌് കർമപരിപാടികൾക്ക‌് നേതൃത്വം നേൽകി. കോഴിക്കോട്ടെ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിയ കലക്ടർ യു വി ജോസും മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ വലിയൊരു സംഘംതന്നെ എറണാകുളത്ത‌് പറന്നെത്തി. കലക്ടറേറ്റിൽ സർവസജ്ജമായ കൺട്രോൾ റൂം തുറന്നു. വിവിധതല പ്രവർത്തനങ്ങൾക്കായി 12 ടീമുകളെ അതിവേഗം നിയോഗിച്ചു.

എറണാകുളത്തിന‌ുപുറമെ സമീപ ജില്ലകളിലും കർശനനിരീക്ഷണം ഏർപ്പാടാക്കി. പറവൂർ തുരുത്തിപ്പുറം സ്വദേശിയായ നിപാ ബാധിതനുമായി സമ്പർക്കം പുലർത്തിയ 330 പേരുടെ പട്ടിക തയ്യാറാക്കി. ഇവരെ അവരുടെ വീടുകളിൽത്തന്നെ സുരക്ഷിതരായി നിലനിർത്തി ദൈനംദിന ആരോഗ്യനിരീക്ഷണം നടത്തി. ഇതോടൊപ്പം കടുത്ത പനിപോലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രവേശിപ്പിക്കാൻ കളമശേരിയിലെ ഗവ. മെഡിക്കൽ കോളേജിൽ 30 കിടക്കകളുള്ള ഐസൊലേഷൻ വാർഡ‌് സജ്ജമാക്കി. മെഡിക്കൽ കോളേജുകളിലെയും പ്രധാന ആശുപത്രികളിലെയും ക്ലീനിങ്‌ ജീവനക്കാർക്കും ആംബുലൻസ‌് ഡ്രൈവർമാർക്കും വൈറസിനെ നേരിടാനുള്ള പരിശീലനം നൽകി. കുടുംബശ്രീയുടെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ വില്ലേജ‌ുതലത്തിലേക്ക‌് പ്രതിരോധപ്രവർത്തനവും ബോധവൽക്കരണവും വ്യാപിപ്പിച്ചതും താഴെത്തട്ടിലും ആരോഗ്യജാഗ്രത ഉണർത്താൻ സഹായിച്ചു. പത്തോളംപേരെ വിവിധ ഘട്ടങ്ങളിൽ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചെങ്കിലും അവരിലൊന്നും രോഗബാധയുണ്ടായില്ല. രോഗം ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില അനുദിനം മെച്ചപ്പെട്ടതും കേരളത്തിന‌് ആശ്വാസമായി.

നിപാ രോഗബാധയോട‌് കേരളം ജാഗ്രതയോടെ പോരാടിയ 20 ദിവസങ്ങൾ പിന്നിടുമ്പോഴാണ‌് ഉറവിടം സ്ഥിരീകരിച്ച അറിയിപ്പ‌് എത്തുന്നത‌്. ഇപ്പോഴും ജില്ലയിലെ ജാഗ്രതാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിൽ ശേഷിക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ നിരീക്ഷിക്കുന്നുണ്ട‌്. നിശ‌്ചിത കാലയളവിൽ രോഗബാധയുടെ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരെ പട്ടികയിൽനിന്ന‌് ഒഴിവാക്കുന്നു. 2001 ലും 2007 ലും ബംഗാളിൽ നിപാ ബാധയുണ്ടായപ്പോൾ 50 പേരാണ‌് മരിച്ചത‌്. 2001 ൽ 66 പേർക്ക‌് സിലുഗിരിയിൽ നിപാ സ്ഥിരീകരിച്ചതിൽ 45 പേർ മരിച്ചു. 2007ൽ അഞ്ചുപേരും.

പരിശോധിച്ചത‌് 36 സാമ്പിളുകൾ
കൊച്ചി
നിപാ വൈറസ‌് വാഹകർ പഴംതീനി വവ്വാലുകൾ തന്നെയാകുമെന്ന നിഗമനത്തിലാണ‌് ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചത‌്. രോഗബാധയുണ്ടായ വിദ്യാaർഥിയിലേക്ക‌് വൈറസ‌് എത്തിയത‌് പേരയ‌്ക്ക കഴിച്ചതുവഴിയാണെന്ന സംശയം തുടക്കത്തിൽത്തന്നെ ഉണ്ടായിരുന്നു. വവ്വാലുകളിൽനിന്ന‌് പന്നികളിലേക്ക‌്  പകർന്ന‌ും രോഗാണു മനുഷ്യരിലേക്കെത്താൻ സാധ്യതയുള്ളതിനാൽ ആ വഴിക്കും അന്വേഷണം നടന്നു. 

വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലെ വിദഗ‌്ധർ വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹായത്തോടെ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ പഴംതീനി വവ്വാലുകൾക്കായി വലവിരിച്ചു.  രോഗബാധിതനായ വിദ്യാർഥിയുടെ വീടിരിക്കുന്ന പറവൂർ തുരുത്തിപ്പുറം പ്രദേശത്തുനിന്ന‌ു പിടിച്ച ഒമ്പതു വവ്വാലുകളെ പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലേക്ക‌് പരിശോധനയ‌്ക്ക‌് കൊണ്ടുപോയി. മറ്റിടങ്ങളിൽനിന്ന‌ു പിടിച്ച വവ്വാലുകളിൽനിന്ന‌ു ശേഖരിച്ച സ്രവങ്ങളും പരിശോധനയ‌്ക്കയച്ചു. അങ്ങനെ പരിശോധിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിലാണ‌് വൈറസ‌് സാന്നിധ്യം സ്ഥിരീകരിച്ചത‌്. കോഴിക്കോട്ടുണ്ടായ നിപാ ബാധയെ തുടർന്ന‌് 52 വവ്വാലുകളെ പിടികൂടി പരിശോധിച്ചതിൽ പത്തെണ്ണത്തിലാണ‌് വൈറസ‌് സാന്നിധ്യം കണ്ടെത്തിയത‌്.


പ്രധാന വാർത്തകൾ
 Top