16 July Thursday

സർക്കാരിന്റെ നാലാം വാർഷികം : എൽഡിഎഫ്‌ ഗൃഹസന്ദർശനം 25ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


ജനകീയ വിഷയങ്ങളിൽ ഉറച്ച കാൽവയ്‌പ്പുകളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ 25 മുതൽ 31 വരെ എൽഡിഎഫ്‌ പ്രവർത്തകർ ഗൃഹസന്ദർശന പരിപാടി നടത്തുമെന്ന്‌ കൺവീനർ എ വിജയരാഘവൻ അറിയിച്ചു.

മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കർമപദ്ധതിയാണ്‌ സർക്കാർ  നടപ്പാക്കുന്നത്‌. പ്രകടനപത്രികയിലെ ഏതാണ്ട്‌ എല്ലാ വാഗ്‌ദാനങ്ങളും ഇതിനകം യാഥാർഥ്യമാക്കി. പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിത പ്രതിസന്ധികളും അതിജീവിച്ച്‌ മുന്നേറിയ സർക്കാർ ഇപ്പോൾ കോവിഡ് ‌-പ്രതിരോധത്തിൽ ലോകത്തിനുതന്നെ മാതൃകയായി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ രാഷ്ട്രീയം ഉയർത്തിയും അതിന്റെ സദ്‌ഫലം ജനങ്ങളിൽ എത്തിച്ചുമാണ്‌ എൽഡിഎഫ്‌ സർക്കാർ നാലുവർഷം പിന്നിടുന്നത്‌.

കോവിഡിന്റെ പശ്ചാത്തലത്തിൽ വാർഷികാഘോഷം സർക്കാർ വേണ്ടെന്ന്‌ വച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും അവരുടെ അഭിപ്രായം സ്വരൂപിക്കാനുമാണ്‌ ‌ ഗൃഹസന്ദർശന പരിപാടി നടത്തുന്നത്‌. ഭക്ഷ്യസ്വയംപര്യാപ്‌തത ലക്ഷ്യമാക്കി സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചാരണവും ഏറ്റെടുക്കണം. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള അവസരമായും ഗൃഹസന്ദർശന പരിപാടി മാറ്റണമെന്ന്‌ എ വിജയരാഘവൻ അഭ്യർഥിച്ചു.
 


പ്രധാന വാർത്തകൾ
 Top