12 July Sunday
തട്ടുകടയിലേക്ക്‌ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞു

2 പേരെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചശേഷം‌‌ ഓട്ടോഡ്രൈവർ ആത്മഹത്യചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

കൊച്ചി
കുപ്പിയിൽ നിറച്ച പെട്രോൾ തട്ടുകടയിലേക്ക്‌ എറിഞ്ഞ്‌ രണ്ടുപേരെ പൊള്ളലേൽപ്പിച്ചശേഷം ഓട്ടോഡ്രൈവർ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പച്ചാളം പത്തുവീട്ടിൽ ഫിലിപ്പാണ് (64)  മരിച്ചത്. പൊള്ളലേറ്റ ആലപ്പുഴ എഴുപുന്ന കോതേക്കാട്ട് വീട്ടിൽ റെജിൻദാസ് (34), ഷൺമുഖപുരം പാറക്കൽ വീട്ടിൽ പങ്കജാക്ഷൻ (65) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം വടുതലയിൽ ബുധനാഴ്ച വൈകിട്ട് 6.45 നാണ് സംഭവം. അയൽവാസികൂടിയായ പങ്കജാക്ഷന്റെ ഷൺമുഖപുരത്തെ തട്ടുകടയിലെത്തിയ ഫിലിപ്പ് പെട്രോൾ നിറച്ച കുപ്പി എറിയുകയായിരുന്നു. കടയിലെ ഗ്യാസ് സ്റ്റൗവിൽനിന്ന്‌ തീ പടർന്ന് പങ്കജാക്ഷനും കടയിൽ സാധനം വാങ്ങാനെത്തിയ റെജിൻദാസിനും പൊള്ളലേൽക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഇവിടെനിന്ന് ഷൺമുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തിയ ഫിലിപ്പ് സമീപത്തെ ഷൺമുഖപുരം സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനുനേരെ പെട്രോൾ ഒഴിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർഷകറോഡിലെത്തി ഓട്ടോറിക്ഷയിലും ശരീരത്തിലും പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു.

ഗുരുതര പൊള്ളലേറ്റ റെജിൻദാസ് ലൂർദ് ആശുപത്രി ജീവനക്കാരനാണ്. പച്ചാളത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇദ്ദേഹം. റെജിൻദാസിന്റെ ശരീരത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. പൊള്ളലേറ്റ പങ്കജാക്ഷനെ വാർഡിലേക്ക് മാറ്റി.  ഡിസിപി ജി പൂങ്കുഴലി, എസിപി കെ ലാൽജി എന്നിവരും ഫോറൻസിക്‌ വിദഗ്‌ധരും സ്ഥലത്തെത്തി. ഫിലിപ്പിന്‌ മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ്‌ പൊലീസ് നിഗമനം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top