31 March Friday

മത്സ്യസമൃദ്ധിക്ക് കടലില്‍ കൃത്രിമപ്പാരുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 22, 2017

തിരുവനന്തപുരം > മത്സ്യസമൃദ്ധിക്കായി ഫിഷറീസ് വകുപ്പ് തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിച്ചു. തുമ്പ തീരക്കടലിലാണ് പാരുകള്‍ നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ്മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. തീരക്കടലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും മത്സ്യസമ്പത്ത് സുസ്ഥിരമായി പരിപാലിക്കാനുമായി സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
തുമ്പ മത്സ്യഗ്രാമത്തിന്റെ 12 ഫാതം (12 മാറ്) പടിഞ്ഞാറ് തീരക്കടലില്‍ 120 കൃത്രിമപ്പാരുകളാണ് നിക്ഷേപിച്ചത്. വിഴിഞ്ഞത്തുനിന്ന് ഉരുവിലാണ് പാരുകള്‍ എത്തിച്ചത്. കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വര്‍ധിപ്പിക്കാനായി നിലവിലുള്ള പ്രകൃതിദത്ത പാരുകള്‍ക്കുസമീപം ത്രികോണാകൃതിയിലുള്ള സിമെന്റ് കോണ്‍ക്രീറ്റ് മൊഡ്യൂളുകള്‍ ജിപിഎസ് സഹായത്തോടെ സ്ഥാനനിര്‍ണയം നടത്തി നിക്ഷേപിക്കുന്ന പദ്ധതിയാണിത്.

ഒരുടണ്ണിലധികം തൂക്കംവരുന്ന മൊഡ്യൂളുകള്‍ക്ക് 150 സെ.മീ. ഉയരവും രണ്ടുമീറ്റര്‍ നീളവുമുണ്ട്. മൊഡ്യൂളുകള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ 12 മുതല്‍ 15 വരെ മാറ് ആഴത്തില്‍ കടലിന്റെ അടിത്തട്ടിന് സമാന്തരമായാണ് ഇവ നിക്ഷേപിക്കുന്നത്. പാരിന്റെ സമ്പുഷ്ടീകരണത്തിനായി ആര്‍സിസി പൈപ്പുകളും പാരിനൊപ്പം നിക്ഷേപിച്ചു. ശീലാവ്, അയല, കൊഴിയാള, പാര, കലവ, കൊഞ്ച്, ഈല്‍, വര്‍ണശബളമായ വിവിധയിനം അലങ്കാരമത്സ്യങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥ ഇവിടെ രൂപപ്പെടുന്നതിലൂടെ പാരും പരിസരവും മത്സ്യത്തൊഴിലാളികളുടെ ചാകരപ്രദേശമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1998ല്‍ സിഎംഎഫ്ആര്‍ഐയുടെയും ഫിഷറീസ് വകുപ്പിന്റെയുംസംയുക്ത സഹകരണത്തോടെ പൂവാര്‍ തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തേക്കും പാരുകള്‍ സ്ഥാപിക്കുന്നത് വ്യാപിപ്പിച്ചു. പൂവാര്‍, പുതിയതുറ, കരുംകുളം, മര്യനാട്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിലെ തീരക്കടലില്‍ ഏകദേശം 540 കൃത്രിമപ്പാരുകള്‍ ഫിഷറീസ്വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാബീഗം, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി പി മുരളി, ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ അമ്പാടി, ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൃത്രിമപ്പാര് എന്നാല്‍...
തിരുവനന്തപുരം > സമുദ്രത്തിന്റെ അടിത്തട്ടിലുള്ള പവിഴപ്പുറ്റ് പാരുകള്‍ മത്സ്യസമ്പത്തിനെ നിലനിര്‍ത്തുന്ന പ്രകൃതിയുടെ സവിശേഷതയാണ്. പ്രകൃത്യാലുള്ള പാരുകള്‍ മത്സ്യങ്ങള്‍ക്ക് സന്തുലിതമായ ആവാസവ്യവസ്ഥ ഒരുക്കുകയും ആഹാരസമ്പാദനത്തിനും പ്രജനനത്തിനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

അമിത വിഭവചൂഷണംമൂലം മത്സ്യസമ്പത്ത് ശോഷിക്കുന്നത് പരിഗണിച്ചാണ് കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നത്. സിഎംഎഫ്ആര്‍ഐ നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ കൃത്രിമപ്പാരുകള്‍ മത്സ്യങ്ങളെ തീരസമുദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവയുടെ സ്വാഭാവിക പ്രജനനത്തിനും പ്രയോജനമാണെന്ന് കണ്ടെത്തിയിരുന്നു. മത്സ്യഗ്രാമങ്ങളിലെ തീരക്കടലില്‍ നിലവിലുള്ള പ്രകൃതിദത്തമായ പാരിനുസമീപം ജിപിഎസ് സഹായത്തോടെ സ്ഥാനനിര്‍ണയം നടത്തി ത്രികോണാകൃതിയിലുള്ള സിമെന്റ് കോണ്‍ക്രീറ്റ് മൊഡ്യൂളുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. കൃത്രിമപ്പാരുകളില്‍ ധാരാളം സസ്യപ്ളവകങ്ങളും ജന്തുപ്ളവകങ്ങളും രൂപപ്പെടുന്നതുമൂലം ചെറുതും വലുതുമായ മത്സ്യങ്ങള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top