02 June Tuesday

മുന്നറിയിപ്പ്‌ അവഗണിച്ച് ഉത്സവാഘോഷം നടത്തിയാൽ നടപടി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


തിരുവനന്തപുരം
കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശം പാലിക്കാതെ ഉത്സവവും പെരുന്നാൾ ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് അപലപനീയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ, വെള്ളായണി ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ വലിയ ആൾകൂട്ടവും നൂറുകണക്കിന് ഭവനസന്ദർശനവുമാണ് നടത്തിയത്. ഇതിന് നേതൃത്വം കൊടുത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന നീക്കങ്ങൾ അനുവദിക്കില്ല. ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചുകൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കണം. സാമൂഹ്യവ്യാപനം ഒഴിവാക്കാൻ മുൻകരുതൽ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രയത്നത്തിന് പുല്ലുവില കൽപ്പിച്ച്‌  കുറേയാളുകൾ നടത്തുന്ന ചെയ്തികൾ നാടിന് അപകടകരവുമാണെന്ന്‌ മന്ത്രി പറഞ്ഞു.

ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച കണ്ണൂർ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികൾ, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രഭാരവാഹികൾ, തൃച്ചംബരം ക്ഷേത്രഭാരവാഹികൾ മട്ടന്നൂരിൽ, രണ്ട് മുസ്ലിം പള്ളി കമ്മിറ്റി എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top