30 November Monday

5 പേർക്കുകൂടി കോവിഡ്‌ ; റോഡ്, റെയിൽ മാർഗങ്ങളിലൂടെ എത്തിയവരെ കണ്ടെത്താൻ സി- ട്രാക്കർ വഴി വിവരശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


കൊച്ചി
ബ്രിട്ടനിൽ നിന്നെത്തിയ ടൂർ സംഘത്തിലെ അഞ്ചുപേർക്കുകൂടി കോവിഡ്‌–-19 സ്ഥിരീകരിച്ചു.  നേരത്തെ രോഗബാധയുണ്ടായി സംഘത്തിലെ ഒരാൾ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നുണ്ട്‌. സംഘത്തിലുണ്ടായിരുന്ന മറ്റു 17 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌  അഞ്ചുപേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചത്‌. ഇവരെയും മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഘത്തിലെ മറ്റു 12 പേരുടെ ഫലം നെഗറ്റീവ് ആണ്.  ഇവരെ തിരികെ സ്വദേശത്തേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു. 

നേരത്തെ നിരീക്ഷണത്തിലുള്ള വിദേശപൗരന്റെ ആരോഗ്യം പൂർണ തൃപ്തികരമല്ല. 56 വയസ്സുള്ള ഇദ്ദേഹത്തിന്റെ അമ്പത്തിരണ്ടുകാരിയായ ഭാര്യയും നിരീക്ഷണത്തിലുണ്ട്‌. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും 60 വയസ്സിനു മുകളിലാണ്‌ പ്രായം. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ജില്ലാ കോവിഡ്‌–-19 നിയന്ത്രണ സെൽ അറിയിച്ചു.

ഈ മാസം ആറിനാണ്‌ ടൂർ പാക്കേജിന്റെ ഭാഗമായി സംഘം കൊച്ചിയിലെത്തിയത്‌. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സംഘം സന്ദർശിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 186 പേരുടെ പട്ടിക ജില്ലാ സർവൈലൻസ്‌ സെൽ തയ്യാറാക്കിയിട്ടുണ്ട്‌. അതനുസരിച്ച്‌ മുഴുവൻ പേരും നിരീക്ഷണത്തിലുമാണ്‌.

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിൽനിന്നും റോഡ്, റെയിൽ മാർഗങ്ങളിലൂടെ ജില്ലയിലെത്തിയവരെ കണ്ടെത്താൻ സി- ട്രാക്കർ സംവിധാനംവഴി വിവരശേഖരണം തുടങ്ങി. ജില്ലയിലെ 1,833 വാർഡുകളിൽ ആരോഗ്യപ്രവർത്തകരും ആശ പ്രവർത്തകരും ഉൾപ്പെടുന്ന സംഘങ്ങളെ ഉപയോഗിച്ചാണ് വിവരശേഖരണം. പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുടെ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 2,495 പേരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.  ജില്ലയിൽ വീടുകളിൽ  4,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 

ഏഴു  പേരെക്കൂടി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.  നിലവിൽ  28 പേർ ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്‌. 24  പേർ മെഡിക്കൽ കോളേജിലും നാലു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. നിരീക്ഷണപ്പട്ടികയിൽനിന്ന് വെള്ളിയാഴ്‌ചയും ആരെയും ഒഴിവാക്കിയിട്ടില്ല.  വെള്ളിയാഴ്‌ച 33 സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് അയച്ചു.

കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ എത്തിയ 20  വിമാനങ്ങളിലെ 2,262  യാത്രക്കാരെ പരിശോധിച്ച്‌ വീടുകളിൽ നിരീക്ഷണത്തിലാക്കി.
ജില്ലയിലെ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയ  ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്ക് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ബോധവൽക്കരണ ക്ലാസുകൾ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top