28 November Saturday

കോടതിക്ക്‌ ആർജവമില്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ല: ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


സ്വന്തം ലേഖകൻ  
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെയും സിഎജിയുടെയും അന്വേഷണ ഏജൻസികളുടെയുമെല്ലാം വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. ഭരണഘടന എന്താണെന്ന്‌ എക്കാലവും ഒരേസ്വരത്തിൽ പറയാൻ അതിന്റെ കാവൽനായയും രക്ഷാകർത്താവുമായ കോടതിക്ക്‌ കഴിയണം. അതിന്‌ സാധിച്ചില്ലെങ്കിൽ നാളെ ജനാധിപത്യം ഉണ്ടാകില്ല. നിഷ്‌പക്ഷവും നീതിപൂർവവുമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടും കാവൽനായ ഉറങ്ങിക്കിടന്നാൽ വലിയ അപകടത്തിലേക്ക്‌ നീങ്ങും–- ‘ഭരണഘടനാ പരിരക്ഷയും നീതിന്യായ വ്യവസ്ഥയും’ എന്ന വിഷയത്തിൽ എ കെ ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വെബിനാർ ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക്‌ ഇളക്കം തട്ടുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്‌. ജനാധിപത്യവും മതനിരപേക്ഷതയുമാണ്‌ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്‌. ഈ തൂണുകൾ പൊളിച്ചുപണിയണമെന്ന്‌ സ്വന്തം രാഷ്‌ട്രീയാശയത്തിന്റെ ഭാഗമായി ആർക്കെങ്കിലും സ്വപ്‌നം കാണാനും പരിശ്രമിക്കാനും കഴിയും. അത്‌ സാധ്യമല്ലെന്ന്‌ പറയാനുള്ള ആർജവവും ധൈര്യവും കോടതി കാട്ടണം.

നിലനിൽക്കാനുള്ള ഇടവും ശബ്ദിക്കാനുള്ള സ്വാതന്ത്ര്യവുമാണ്‌ ജനാധിപത്യത്തിന്റെ അന്തഃസത്ത. താൻകൂടി ചേർന്നതല്ലെങ്കിൽ ഇന്ത്യ അപൂർണമാണെന്ന്‌ ഓരോ പൗരനും തോന്നിക്കണം. രാജ്യത്തിന്റെ പരമാധികാരത്തെ ആരും ചോദ്യംചെയ്യുന്നില്ല എന്നതു മാത്രമല്ല സ്വാതന്ത്ര്യം. വ്യക്തിസ്വാതന്ത്ര്യം കൂടിയാണത്‌. എന്റെ അസ്ഥിത്വം ചോദ്യംചെയ്യപ്പെട്ടാൽ ഇത്‌ എന്റെ ഇന്ത്യ അല്ലാതാകും. ഞാൻ പരദേശിയാകും. .

നീതിനിർവഹണത്തിന്റെ ഭാഗമായി അല്ലാത്ത ന്യായാധിപരുടെ പ്രവർത്തനം പാർലമെന്റിൽ ചോദ്യംചെയ്യണം. അങ്ങനെ ചോദ്യംചെയ്യാനും വിഷയം ജനമധ്യത്തിൽ കൊണ്ടുവരാനും നിങ്ങൾക്ക്‌ കഴിയാത്തതുകൊണ്ടാണ്‌ ഞങ്ങൾക്ക്‌ തെരുവിലിറങ്ങേണ്ടിവന്നത്‌–- സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിനെതിരെ ചരിത്രത്തിലാദ്യമായി വാർത്താസമ്മേളനം നടത്തിയ അനുഭവം സൂചിപ്പിച്ച്‌ ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌ പറഞ്ഞു.

അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകരപ്രസാദ്, അഭിഭാഷകരായ ടി കൃഷ്ണനുണ്ണി, പി വി സുരേന്ദ്രനാഥ്, പ്രൊഫ. കെ എം സീതി, അഡ്വ. സി പി പ്രമോദ് എന്നിവർ സംസാരിച്ചു. എ കെ ജി പഠനഗവേഷണ കേന്ദ്രം ഡയറക്ടർ എ വിജയരാഘവൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top