04 December Friday

കോൺഗ്രസ്‌ പിടിമുറുക്കിത്തുടങ്ങി ; പത്തനംതിട്ട യുഡിഎഫ്‌ ചെയർമാൻസ്ഥാനം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

പത്തനംതിട്ട
കേരള കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന പത്തനംതിട്ട ജില്ല യുഡിഎഫ്‌ ചെയർമാൻ സ്ഥാനം കോൺഗ്രസ്‌ പിടിച്ചെടുത്തു. 18 വർഷമായി ഈ സ്ഥാനത്തുള്ള ജോസഫ്‌ വിഭാഗത്തിലെ വിക്ടർ ടി തോമസിനെയാണ്‌‌ യുഡിഎഫ്‌ പത്തനംതിട്ട ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കി‌‌യത്‌. അടുത്ത കാലത്താണ്‌ വിക്ടർ ടി തോമസ്‌ ജോസഫിനോടൊപ്പം ചേർന്നത്‌. സംഭവം ജോസഫ്‌ ഗ്രൂപ്പിൽ കടുത്ത അമർഷത്തിനിടയാക്കി‌. 

ജോസ്‌ വിഭാഗം എൽഡിഎഫിലേക്ക്‌ പോയതോടെ പത്തനംതിട്ടയുൾപ്പെടെയുള്ള മേഖലകളിൽ കാര്യമായ ജനസ്വാധീനം ഇല്ലാത്ത ജോസഫിനെയും കൂട്ടരെയും ഒതുക്കാനാണ്‌ കോൺഗ്രസ്‌ നീക്കം‌. മാണി ഗ്രൂപ്പ്‌ കൈവശം വച്ച  സ്ഥാനങ്ങളെല്ലാം പിടിച്ചെടുക്കാനാണ്‌ തീരുമാനം.

മാണി ഗ്രൂപ്പ്‌ മത്സരിച്ച സീറ്റുകളെല്ലാം  ഏറ്റെടുക്കുമെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം തന്നെ പറയുന്നത്‌. മാണിയോടൊപ്പം ഉണ്ടായിരുന്നവർ ജോസഫിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിൽ അവരുടെ കാര്യം പരിഗണിക്കും. അല്ലാത്തതൊന്നും വിട്ടു നൽകേണ്ടതില്ലെന്ന നിലപാടിലാണ്‌ കോൺഗ്രസ്‌.  

അറിഞ്ഞില്ല: വിക്ടർ ടി തോമസ്‌
ചാനലുകാർ ചോദിക്കുമ്പോൾ മാത്രമാണ്‌ യൂഡിഎഫ്‌ ചെയർമാൻ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കിയതായി‌ അറിയുന്നതെന്ന്‌ വിക്ടർ ടി തോമസ്‌ പറഞ്ഞു. മാറ്റുന്നതായി ആരും അറിയിച്ചിരുന്നില്ല. പി ജെ ജോസഫുമായിപോലും ചർച്ച നടത്തിയിട്ടില്ല.  രമേശ്‌ ചെന്നിത്തലയോട്‌ പറഞ്ഞപ്പോൾ സാങ്കേതിക പിഴവ്‌  ആയിരിക്കും എന്നാണ്‌ പറഞ്ഞത്‌.  പി ജെ ജോസഫിനെ ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന്‌ വിക്ടർ ടി തോമസ്‌ പറഞ്ഞു.

ജോസഫിന്‌ അധിക സീറ്റില്ല; തെറ്റിപ്പിരിഞ്ഞു
പി ജെ ജോസഫിന്‌ അദ്ദേഹം‌ ആവശ്യപ്പെട്ട 15 സീറ്റ്‌ നൽകാനാകില്ലെന്ന്‌ കോൺഗ്രസ്‌ വീണ്ടും വ്യക്തമാക്കി. കോട്ടയത്ത്‌ ചേർന്ന  കേരള കോൺഗ്രസ്- –- കോൺഗ്രസ് ഉഭയകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു. 27ന്‌ കോട്ടയത്ത് വീണ്ടും യുഡിഎഫ് യോഗം ചേരും. അന്ന്‌ ധാരണയായില്ലെങ്കിൽ 28നും ചേരും.

കേരള കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകൾ വേണമെന്ന‌ നിലപാടിൽ  ജോസഫ്‌ ഉറച്ചുനിൽക്കുകയായിരുന്നു. ജോസ് പക്ഷത്തെ നേരിടാൻ തങ്ങളാണ് അർഹരെന്നും വ്യക്തമാക്കി. എന്നാൽ ജോസഫിന്റെ ആവശ്യം ആദ്യ ചർച്ചയിൽതന്നെ കോൺഗ്രസ് തള്ളിയിരുന്നു. നിലവിൽ രണ്ട്‌ സീറ്റാണ്‌ ജോസഫിനുള്ളത്‌. അഞ്ചിൽ കൂടുതൽ സീറ്റ്‌ നൽകാനാവില്ലെന്ന്‌ അറിയിച്ചതായും സൂചനയുണ്ട്‌. ഇതിനുപിന്നാലെയാണ്‌ കോൺഗ്രസുമായി വീണ്ടും  ഉഭയകക്ഷി ചർച്ച നടത്തിയത്‌.  ജയസാധ്യത പരിഗണിച്ച് സീറ്റുകൾ വച്ച് മാറാമെന്ന നിർദേശവും ജോസഫ്‌ മുന്നോട്ടുവച്ചു. 

ഇതിനിടെ ചെറു പാർടികളുടെ കടുംപിടുത്തം അംഗീകരിക്കേണ്ടതില്ലെന്ന്‌ കഴിഞ്ഞദിവസം കോട്ടയത്ത്‌ ചേർന്ന ഡിസിസി യോഗം തീരുമാനിച്ചു‌. സീറ്റ്‌ മോഹിച്ച്‌‌  ജോസഫിനൊപ്പമെത്തിയവരെ ഇത്‌ നിരാശയിലാഴ്‌ത്തി. പാർടിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ ഇരട്ടിയാവാനും  പലരും എതിർപ്പുമായി എത്താനുള്ള സാധ്യതയുമേറി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ സി ജോസഫ്‌, പി ജെ  ജോസഫ്, മോൻസ്‌ ജോസഫ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top