29 May Friday

അനാഥയാണ്‌, ആരുമില്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കരുത്‌ ; എനിക്ക്‌ പഠിക്കാൻ ഒരുപാട്‌ ആഗ്രഹമുണ്ടായിരുന്നു

വി കെ അനുശ്രീUpdated: Monday Oct 21, 2019

വിജി അമ്മൂമ്മയ്‌ക്കൊപ്പം


‘അനാഥയായ എനിക്ക്‌ പഠിക്കാൻ ഒരുപാട്‌ ആഗ്രഹമുണ്ടായിരുന്നു. നിങ്ങളെല്ലാംകൂടി അത്‌ തകർത്തെറിഞ്ഞു. ആരുമില്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കരുത്‌,’  ഇല്ലായ്‌മകളെ വെല്ലുവിളിച്ച്‌ പഠിക്കാൻ കൊതിച്ച വിജിയെന്ന പതിനേഴുകാരിയുടെ നവമാധ്യമത്തിലൂടെ ഹൃദയംപൊട്ടിയ വാക്കുകൾ ആരുടെയും കണ്ണുനനയിക്കും.  മന്ത്രി കെ ടി ജലീലിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനുള്ള ഒരു വിഭാഗത്തിന്റെ ശ്രമത്തിൽ ഞെരിഞ്ഞമർന്നത്‌ ഈ നിർധന പെൺകുട്ടിയുടെ സ്വപ്നങ്ങളാണ്‌.

പത്തുവർഷം അർബുദത്തോട്‌ മല്ലിട്ട്‌ വിജിയുടെ അമ്മ ഉഷ ഏഴുവർഷം മുമ്പ്‌ മരിച്ചു. വിജിയും സഹോദരൻ വിജിനും അനാഥരായി. വിജി പിറക്കുന്നതിന്‌ മുമ്പേ  അച്ഛൻ ഉപേക്ഷിച്ചിരുന്നു.

നെല്ലിമൂടുള്ള ബന്ധുഗൃഹത്തിൽ താമസിച്ച്‌ പഠിച്ച വിജി  മരുതൂർക്കോണം പിടിഎം വിഎച്ച്‌എസിൽനിന്ന്‌ പ്ലസ്‌ ടു 79 ശതമാനം മാർക്കോടെ പാസായി. ചേർത്തല എൻഎസ്‌എസ്‌ കോളേജിൽ ബിഎസ്‌സി ബോട്ടണിക്ക്‌ മെറിറ്റ്‌ സീറ്റിൽ പ്രവേശനം ലഭിച്ചു. സെപ്‌തംബർ നാലിന്‌ പ്രവേശനം നേടി. ആറിനുതന്നെ കേരള സർവകലാശാലാ രജിസ്‌ട്രാറെ നേരിട്ട്‌ കണ്ട്‌ നഗരത്തിലെ കോളേജിലേക്ക്‌ മാറ്റിനൽകണമെന്ന്‌ അപേക്ഷിച്ചു. ഹോസ്‌റ്റലിൽ താമസിച്ചോ ദിവസവും പോയി വന്നോ പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന്‌ അപേക്ഷയിൽ വ്യക്തമാക്കി.

രജിസ്ട്രാറെ നിരവധി തവണ കണ്ടു. ഫലമുണ്ടായില്ല.  മന്ത്രി കെ ടി ജലീലിനെ നേരിട്ട്‌ കണ്ടും പരാതി നൽകി. ‘സർവകലാശാലയാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ മന്ത്രി വ്യക്തമാക്കി. മൂന്ന്‌ സിൻഡിക്കേറ്റ്‌ യോഗങ്ങളിലും തീരുമാനമായില്ല. നവംബറിൽ ആദ്യ സെമസ്‌റ്റർ പരീക്ഷയാണെന്ന്‌ കാണിച്ച്‌ വീണ്ടും മന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടു. അദ്ദേഹം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് നഗരത്തിലെ കോളേജുകളിൽ ഒഴിവുണ്ടോയെന്ന്‌ തിരക്കാൻ നിർദേശിച്ചു. രണ്ട്‌ ഒഴിവുണ്ടായിരുന്ന വഴുതക്കാട്‌ വിമൻസ്‌ കോളേജിൽ ചേർന്ന്‌ പഠിക്കാൻ അവസരം ഒരുക്കി,’ വിജി പറഞ്ഞു. 

‘അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്‌. വാർത്ത കൊടുക്കുമ്പോൾ വസ്തുതകളിൽ കൃത്യത വേണം. വ്യാജപ്രചാരണങ്ങളുണ്ടാക്കിയ അപമാനം ചെറുതല്ല. വലിയ മാനസിക സംഘർഷമുണ്ട്‌. തുടർന്ന്‌ പഠിക്കാനാകില്ല. മരണം മാത്രമാണ്‌ മുമ്പിലുള്ളത്‌. അതിന്‌ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളായിരിക്കും കാരണക്കാർ, വിജി പറഞ്ഞു. 

പഠനച്ചെലവ്‌ എസ്‌എഫ്‌ഐ വഹിക്കും
തിരുവനന്തപുരം
വിജിയുടെ പഠനച്ചെലവ്‌ എസ്‌എഫ്‌ഐ ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയായിരിക്കും ചുമതല. ഞായറാഴ്ച വിജിയുടെ വീട്  സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്. ജില്ലാ പ്രസിഡന്റ് ജെ ജെ അഭിജിത്, സെക്രട്ടറി റിയാസ്  വഹാബ് എന്നിവരും വീനീഷിനൊപ്പം ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top