22 October Tuesday

പാലാരിവട്ടം പാലാ പൊളിക്കും ; രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നു

പ്രത്യേക ലേഖകൻUpdated: Saturday Sep 21, 2019

വെള്ളിയാഴ്‌ച പാലാ നഗരത്തിൽ നടന്ന തെരഞ്ഞെടുപ്പ്‌ പ്രചാരണ കൊട്ടിക്കലാശത്തിൽ എൽഡിഎഫ്‌ പ്രവർത്തകർ ഫോട്ടോ: ജി പ്രമോദ്‌


പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ യുഡിഎഫ്‌ ശരിക്കും പ്രതിരോധത്തിലായതാണ്‌ പാലായിൽ ദൃശ്യമായത്‌. പാലാരിവട്ടത്തിന്‌ തടയിടാൻ കിഫ്‌ബിയുടെ പേരിൽ പുകമറ സൃഷ്‌ടിക്കാനുള്ള നീക്കം ഇതിന് തെളിവാണ്‌.

യുഡിഎഫ്‌ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ്‌ അറസ്‌റ്റിന്റെ നിഴലിൽ നിൽക്കുന്നതാണ്‌ പ്രചാരണത്തിന്റെ അവസാന ലാപ്പിലെ  സജീവ ചർച്ച. അഴിമതിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന്‌ ആവേശം പകർന്നപ്പോൾ യുഡിഎഫ് നേതൃനിര വിറകൊണ്ടു. തങ്ങളുടെ ഒരു മുൻമന്ത്രി ഏത്‌ നിമിഷവും അഴിമതിക്കേസിൽ അറസ്‌റ്റിലാകുമെന്ന്‌ നില വന്നപ്പോൾ അതിനെ മറികടക്കാൻ കിഫ്‌ബി ഓഡിറ്റിങ്ങിന്‌ എ ജിയെ വിലക്കിയെന്ന ആരോപണമാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ചത്‌. ഇത്‌ പാലായിൽ ഏശില്ലെന്ന്‌ മുഖ്യമന്ത്രിയും എൽഡിഎഫും തിരിച്ചടിച്ചു. കിഫ്‌ബിയിൽ ഓഡിറ്റിങ്ങിന്‌  തടസ്സവുമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കിയതോടെ യുഡിഎഫിന്‌ ഉത്തരംമുട്ടി.

54 വർഷം കെ എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ ഇക്കുറി ചരിത്രം മാറ്റി എഴുതുമെന്ന തറപ്പിച്ചു പറയുകയാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ.  മാണിയുടൈ ഓർമ  മനസ്സിൽ സൂക്ഷിക്കുന്ന പാലാക്കാർ തങ്ങളെ കൈവിടില്ലെന്ന ആത്മവിശ്വാസമാണ്‌ യുഡിഎഫിന്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്ന്‌ മൂന്നാം ദിനം തന്നെ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ പ്രചാരണ രംഗത്ത്‌ സജീവമായി. കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പിലും സാക്ഷാൽ കെ എം മാണിയോട്‌ ഏറ്റുമുട്ടിയത്‌  കാപ്പൻ തന്നെയാണ്‌, പക്ഷെ മാണിയെ  മുട്ടുകുത്തിച്ചില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുന്തോറും  അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിലെ തലയെടുപ്പ്‌ താഴ്‌ത്താൻ കാപ്പന്‌ കഴിഞ്ഞു. 2016ൽ   തോൽവിയോട്‌ അടുത്ത ജയമാണ്‌ മാണിക്ക്‌ നേടാനായത്‌.

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനവും ജനങ്ങൾക്ക്‌ മുമ്പിൽ അവതരിപ്പിച്ച്‌ രാഷ്‌ട്രീയ പോരാട്ടമാണ്‌ എൽഡിഎഫ്‌ പ്രചാരണ രംഗത്ത്‌ കാഴ്‌ചവച്ചത്‌. 
യുഡിഎഫ്‌ നേതാക്കൾ ഏറെ പണിപ്പെട്ടെങ്കിലും കേരള കോൺഗ്രസുകാർ അവസാന നിമിഷവും ഒന്നിച്ചില്ല്ല. പി ജെ ജോസഫ്‌  വിഭാഗം  പ്രചാരണത്തിന്‌ ഇറങ്ങിയതേയില്ല.  ജോസഫാകട്ടെ ഒരു യോഗത്തിൽ പങ്കെടുത്ത്‌ തിരിച്ചുപോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top