22 October Tuesday

'ഈ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് അന്ന് ഞങ്ങളെ കുത്തിയത്'; അജിത്കുമാര്‍ പറയുന്നു

സ്വന്തം ലേഖകന്‍Updated: Friday Sep 20, 2019

ഡി അജിത്കുമാര്‍

പാലാ > ''സൗമ്യനായ രാഷ്ട്രീയക്കാരനെന്ന് അവകാശപ്പെട്ട് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തിലാണ് അന്ന് ഞങ്ങളെ ആക്രമിച്ചത്. രണ്ടുപേര്‍ക്ക് കുത്തേറ്റു. ഞാനുള്‍പ്പെടെ പലര്‍ക്കും ക്രൂരമര്‍ദനമേറ്റു. സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ മത്സരിച്ചു എന്നതായിരുന്നു ഞങ്ങള്‍ ചെയ്ത കുറ്റം'' ?- കാല്‍നൂറ്റാണ്ടു മുമ്പ് ജോസ് ടോമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വലതു കണ്‍തടത്തില്‍ തടവി രാമപുരം ഭക്തിവിലാസം ഡി അജിത്കുമാര്‍ (ശാസ്ത്രി) ഓര്‍ത്തെടുത്തു. 

1992ലായിരുന്നു സംഭവം. രാമപുരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏകാധിപത്യത്തിനെതിരെ കോണ്‍ഗ്രസുകാര്‍ സംഘടിച്ച് മത്സരിച്ചു. പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും ജോസഫ് വാഴയ്ക്കന്റെ പിതാവുമായ കുട്ടിച്ചേട്ടനും പി ജെ ജോസഫ് ഗ്രൂപ്പുകരനായ തോമസ് ഉഴുന്നാലിലും ഉള്‍പ്പെടെയുള്ള പാനലായിരുന്നു അന്ന് കേരള കോണ്‍ഗ്രസ് എം പാനലിനെതിരെ മത്സരിച്ചത്. ''കുട്ടിച്ചേട്ടനെ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതിനെച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതു തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കേരള കോണ്‍ഗ്രസ് സംഘം മര്‍ദിച്ചു.

അന്ന് രാമപുരം ആശുപത്രി റോഡ് കേരള കോണ്‍ഗ്രസ് എമ്മുകാരുടെ താവളമാണ്. മര്‍ദന വിവരമറിഞ്ഞ് ചോദിക്കാന്‍ ചെന്ന എടക്കര ജോഷി, ലക്ഷ്മി നിവാസില്‍  അജയന്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജോസ് ടോമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കുത്തിവീഴ്ത്തി. മണലില്‍ മുളകുപൊടി കലര്‍ത്തിയതും കമ്പിവടിയും കത്തിയുമായി സംഘം ഇരച്ചെത്തുകയായിരുന്നു. എന്നെയും ഒപ്പമുണ്ടായി്രുന്ന കൊട്ടിച്ചേരി  രാജേഷിനെയും ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദിച്ചു. വലതുകണ്ണിനു മുകളിലും പുറംഭാഗത്തും അടിയേറ്റുവീണു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

പൊലീസ് വന്ന് മൊഴിയെടുത്തെങ്കിലും കേസ് എങ്ങുമെത്തിയില്ല.?- കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിനു വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ കേസ് തേച്ചുമാച്ചുകളഞ്ഞു'' ?- അധികാരം പങ്കിടുന്നതില്‍ നേതാക്കള്‍ ഒത്തുകളിച്ചപ്പോള്‍ അവഗണനയും ആശുപത്രിവാസവും ബാക്കിയായതിന്റെ വേദനയില്‍ അജിത്കുമാര്‍ പറഞ്ഞു. ജീവനില്‍ ഭയമുള്ളതുകൊണ്ടും പാര്‍ടിയില്‍നിന്നുപോലും പിന്തുണ കിട്ടാത്തതുകൊണ്ടും കേസുമായി മുന്നോട്ടുപോയില്ല.
അന്ന് ആക്രമണത്തിനിരയായ എടക്കര ജോഷി രണ്ടുവര്‍ഷംമുമ്പ് മരിച്ചു. ബാക്കിയുള്ളവര്‍ ആക്രമണത്തിന്റെ വേദന ഉള്ളില്‍ പേറി രാമപുരത്തെ പൊതുരംഗത്ത് ഇന്നും സജീവമായുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top