20 October Sunday

ജോസഫിന്റെ മരണം : പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഇന്ന്‌ ബഹുജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


ചെറുപുഴ
കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ ദുരൂഹ മരണത്തിന്‌ ഉത്തരവാദികളായ കോൺഗ്രസ്‌ നേതാക്കളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌ ചെറുപുഴ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച മാർച്ച്‌ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ചെറുപുഴ ബസ്‌സ്‌റ്റാൻഡ്‌ കേന്ദ്രീകരിച്ച് ബഹുജന മാർച്ച് ആരംഭിക്കും.

ജോസഫിനെ മരണത്തിലേക്ക് നയിച്ചത് കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുള്ള  കെ  കരുണാകരൻ സ്‌മാരക ട്രസ്റ്റുമായും ചെറുപുഴ ഡെവലപ്പേഴ്‌സ് കമ്പനിയുമായുമുള്ള സാമ്പത്തിക ഇടപാടുകളാണെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു ട്രസ്റ്റ്‌ ചെയർമാന്റെയും കൺവീനറുടെയും വീട്ടിലേക്ക് മാർച്ച്‌ നടത്താനാണ്‌ നേരത്തെ തീരുമാനിച്ചത്‌. ആക്‌ഷൻ കമ്മിറ്റി സമരം പ്രഖ്യാപിച്ചതിനുപിന്നാലെ, ജോസഫിന് നൽകാനുള്ള തുകയുടെ ആദ്യ ഗഡു  കുടുംബത്തിന് നൽകുകയും ഭാര്യയുടെപേരിൽ ഫ്ലാറ്റ് എഴുതി വയ്‌ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്‌ കുറ്റക്കാരെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തുന്നത്‌.

ജോസഫിന്റെ മരണത്തിന്‌ ഉത്തരവാദികളായവർക്കെതിരെ പൊലീസ്‌ നടപടിയെടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കെ ഡി അഗസ്റ്റിൻ, ജെയിംസ് പന്തമ്മാക്കൽ, കെ പി  ഗോപാലൻ, എം ടി  സുരേഷ്‌കുമാർ, ബേബി തോട്ടത്തിൽ, ഗോപിനാഥൻ നായർ കാരമല, എം എം തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top