19 September Thursday

പാലാരിവട്ടം മേൽപ്പാലം : ഐഐടിയുടെ അന്തിമറിപ്പോർട്ട്‌ ഈയാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിലെ നിർമാണപ്പിഴവ്‌ പരിശോധിച്ച ചെന്നൈ ഐഐടി സംഘം ഈയാഴ്‌ച അന്തിമറിപ്പോർട്ട്‌ സമർപ്പിച്ചേക്കും. ഇതുകൂടി പരിശോധിച്ച ശേഷമാകും പാലത്തിന്റെ പുനരുദ്ധാരണം എങ്ങനെ വേണമെന്ന്‌ സർക്കാർ തീരുമാനിക്കുക. 18.71 കോടി രൂപ ചെലവിൽ പാലം പുനരുദ്ധിക്കാനുള്ള നിർദേശം കഴിഞ്ഞ മാസം ഡിഎംആർസി മുഖ്യഉപദേഷ്‌ടാവ്‌ ഇ ശ്രീധരൻ സമർപ്പിച്ചിരുന്നു. പ്രൊഫ. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഐഐടി സംഘത്തിന്റെ  അന്തിമറിപ്പോർട്ടുകൂടി പരിഗണിച്ച ശേഷം താൻ നിർദേശിച്ചവ നടപ്പാക്കിയാൽ മതിയാകുമെന്നാണ്‌ ഇ ശ്രീധരൻ അറിയിച്ചത്‌.

കഴിഞ്ഞ മാസം മൂന്നിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ഇ ശ്രീധരൻ റിപ്പോർട്ട്‌ നൽകിയത്‌. കേടായ ഗർഡറുകളും സ്‌പാനുകളും ബെയറിങുകളും മാറ്റി  പുതിയത്‌ സ്ഥാപിക്കുന്നതാണ്‌ പാലത്തിന്റെ ആയുസ്സിന്‌ നല്ലത്‌. ഐഐടി ആദ്യം നിർദേശിച്ചതുപോലുള്ള ബലപ്പെടുത്തൽ ശാശ്വതമല്ലെന്നും ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

പാലം തുറക്കാൻ വൈകുന്ന ഓരോ ദിവസവും പാലാരിവട്ടത്തെ സ്ഥിതി കൂടുതൽ വഷളാകുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഐഐടിയോട്‌  അന്തിമറിപ്പോർട്ട്‌ എത്രയുംവേഗം നൽകാൻ ആർബിഡിസികെ ആവശ്യപ്പെട്ടത്‌. ജൂലൈ അവസാനത്തോടെ അന്തിമറിപ്പോർട്ട്‌ സമർപ്പിക്കുമെന്നാണ്‌ ഐഐടി സംഘം പറഞ്ഞിരുന്നത്‌.

ചെറുവാഹനങ്ങൾക്കായി പാലം തുറക്കണം
കൊച്ചി
നിർമാണപ്പിഴവുമൂലം അടച്ചിട്ട മേൽപ്പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക്‌ താൽക്കാലിക ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. പാലം അടച്ചതോടെ വർധിച്ച ഗതാഗതത്തിരക്ക്‌ കണക്കിലെടുത്താണ്‌ ഇങ്ങനെയൊരു ആവശ്യമുയരുന്നത്‌. ബദൽ മാർഗങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടും പാലാരിവട്ടം ബൈപ്പാസ്‌ ജങ്ഷനിലെ ഗതാഗതത്തിരക്കും വാഹനക്കുരുക്കും അനുദിനം വർധിക്കുകയാണ്‌.

തിരക്ക്‌ പരിഹരിക്കാൻ പുതുതായൊരു മാർഗവും ഇനി തുറക്കാനില്ല. ഈ സാഹചര്യത്തിലാണ്‌ തിരക്കേറെയുള്ള സമയത്തെങ്കിലും പാലം ചെറുവാഹനങ്ങൾക്കായി തുറക്കണമെന്ന ആവശ്യമുയരുന്നത്‌. പാലത്തിന്റെ നിർമാണപ്പിഴവും ബലക്ഷയവുമൊക്കെ വിശദമായി പഠിച്ചതിനാൽ ഏതു തരത്തിലുള്ള വാഹനങ്ങൾ അനുവദിക്കാമെന്ന്‌ അറിയാനാകും.


പ്രധാന വാർത്തകൾ
 Top