14 July Tuesday

കള്ളപ്പണം വെളുപ്പിക്കൽ : കേസിന്‌ പിന്നിൽ ലീഗിലെ എതിരാളികളാണെന്നു വരുത്താനും ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കൊച്ചി
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിന്‌പിന്നിൽ മുസ്ലിംലീഗിലെ എതിരാളികളാണെന്നു‌വരുത്തി‌ ‌കേസ്‌ പിൻവലിപ്പിക്കാനാണ്‌ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചതെന്ന്‌ പരാതിക്കാരൻ. ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട്‌ ഇടനിലക്കാർവഴിയുള്ള അനുരഞ്‌ജനത്തിലൂടെ  കേസ്‌ ഇല്ലാതാക്കാനായിരുന്നു ശ്രമം. ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലിംലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറിയും ലീഗിന്റെ അഭിഭാഷക സംഘടനയുടെ ഭാരവാഹിയുമായ അബ്‌ദുൾ ഗഫൂറാണ്‌ എല്ലാറ്റിനും ചരടുവലിച്ചതെന്നും പരാതിക്കാരൻ ജി ഗിരീഷ്‌ബാബു പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെതിരായ പാലാരിവട്ടം പാലം അഴിമതിക്കേസിന്‌ പിന്നാലെയാണ്‌ ചന്ദ്രിക  ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ  പത്തുകോടിരൂപ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്‌ വന്നത്‌. പാലം അഴിമതിക്കേസുമായി ബന്ധപ്പെടുത്തി ഇതും അന്വേഷിക്കണമെന്നായിരുന്നു ഗിരീഷ്‌ബാബുവിന്റെ ഹർജി. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടർക്കും പരാതിനൽകി. അഴിമതിക്കേസിൽ കുരുക്ക്‌ മുറുകിയതോടെയാണ്‌ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്‌ പിൻവലിപ്പിക്കാൻ ശ്രമമാരംഭിച്ചത്‌.

ഹർജിക്കാരനുമായി ഇടനിലക്കാർവഴി സംസാരിച്ച ഇവർ കേസ്‌ പിൻവലിക്കാൻ അഞ്ചുലക്ഷം രൂപ വാഗ്‌ദാനം നൽകി. ഇബ്രാഹിംകുഞ്ഞും ഇക്കാര്യം നേരിൽ സംസാരിച്ചെന്ന്‌ ഗിരീഷ്‌ബാബു പറഞ്ഞു. കേസിന്റെ ഭാഗമായി ലീഗിൽ തനിക്കെതിരെ വലിയനീക്കം നടക്കുന്നുണ്ടെന്നും അവരെ ഒതുക്കാൻ കേസ്‌ അടിസ്ഥാനരഹിതമായിരുന്നെന്ന്‌ സമ്മതിക്കുന്ന കരാർ ഉണ്ടാക്കണമെന്നും പറഞ്ഞു. കരാറിന്റെ കരട്‌ മറ്റൊരാൾവഴി എത്തിച്ചു. കേസ്‌ വസ്‌തുതാവിരുദ്ധമാണെന്നതിനാൽ പിൻവലിക്കുകയാണെന്നും രേഖകൾ ഇതോടൊപ്പം കൈമാറുകയാണെന്നും കരാറിൽ വ്യവസ്ഥ ചെയ്‌തിരുന്നു. ചന്ദ്രിക ദിനപത്രത്തിനെതിരെ ആരോപണമുയർത്തിയതിൽ ഖേദിക്കുന്നതായും കരാറിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന്‌  വിസമ്മതിച്ച ഹർജിക്കാരൻ ഇക്കാര്യം കോടതിയെ അറിയിച്ചു. ഏപ്രിൽ ഒന്നിനാണ്‌ യുഡിവൈഎഫ്‌ കളമശേരി മണ്ഡലം ചെയർമാൻ കെ എസ്‌ സുജിത്‌കുമാർ കരാറിന്‌ ശ്രമിച്ചതെന്ന്‌ പരാതിക്കാരൻ ജി ഗിരീഷ്‌ബാബു പറഞ്ഞു.


പ്രധാന വാർത്തകൾ
 Top