15 September Sunday

നിപാ സ്ഥിരീകരിച്ചിട്ട‌് ഒരാണ്ട‌്; ജയിച്ചത‌് കേരളത്തിന്റെ ആരോഗ്യജാഗ്രത

വി കെ സുധീർകുമാർUpdated: Monday May 20, 2019


സംസ്ഥാനത്തെ നടുക്കിയ നിപാ വൈറസ‌് ബാധ സ്ഥിരീകരിച്ചിട്ട‌് തിങ്കളാഴ‌്ച ഒരാണ്ട് തികയുന്നു. കഴിഞ്ഞവർഷം മെയ‌് 20നായിരുന്നു 17 പേരുടെ മരണത്തിനിടയാക്കിയ നിപാ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത‌് സ്ഥിരീകരിച്ചത‌്. കോഴിക്കോട‌് ജില്ലയിലെ ചങ്ങരോത്ത‌് പഞ്ചായത്തിലെ സൂപ്പിക്കടയായിരുന്നു നിപായുടെ ഉറവിടം.
സൂപ്പിക്കട വളച്ചുകെട്ട‌ിൽ മൂസയുടെ കുടുംബത്തിലെ നാലുപേർ മരിച്ചതോടെയാണ‌്  വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത‌്‌. രണ്ടാമത്തെ മരണത്തോടെ നിപാ വൈറസ‌് തിരിച്ചറിഞ്ഞ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മികവാണ‌് മരണസംഖ്യ കുറയ‌്ക്കാൻ സഹായിച്ചത‌്. മാരക വൈറസിനെ തുരത്തിയ സർക്കാരിന‌് രാജ്യാന്തരതലങ്ങളിൽനിന്ന‌്  അഭിനന്ദന പ്രവാഹമുണ്ടായി. അമേരിക്കയിലെ ബാൾട്ടിമോറിലെ ഇൻസ‌്റ്റിട്ട്യൂട്ട‌് ഓഫ‌് ഹ്യൂമൻ വൈറോളജിയുടെ പുരസ‌്കാരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഏറ്റുവാങ്ങി.

സ്ഥിരീകരിക്കാൻ കടമ്പകൾ
2018 മെയ‌് 18ന‌് മൂസയുടെ മകൻ മുഹമ്മദ‌് സാലിഹ‌് കോഴിക്കോട‌് സ്വകാര്യ ആശുപത്രിയിൽ മരിച്ചതോടെയാണ‌് നിപായിലേക്ക‌് സംശയമുന നീളുന്നത‌്. സാലിഹിന്റെ സഹോദരൻ മുഹമ്മദ‌് സാബിത്ത‌് പനി ബാധിച്ച‌്  മെയ‌് അഞ്ചിന‌് മരിച്ചിരുന്നു. ഒരു വീട്ടിലെ രണ്ടുപേർ സമാന ലക്ഷണങ്ങളോടെ മരിച്ചതോടെ കോഴിക്കോട‌് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. എ എസ‌് അനൂപ‌്കുമാറും സഹപ്രവർത്തകരുമാണ‌് മരണകാരണം നിപായാണെന്ന സംശയം ഉന്നയിച്ചത‌്. തുടർന്ന‌് സാമ്പിളുകൾ പരിശോധനക്കായി മണിപ്പാൽ വൈറോളജി ഇൻസ‌്റ്റിട്ട്യൂട്ടിലേക്ക‌് അയച്ചു. പരിശോധനയിൽ നിപായുടെ സാന്നിധ്യം ഉറപ്പായെങ്കിലും അത‌് പ്രഖ്യാപിക്കാൻ നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു. തുടർന്ന‌് കേരളത്തിൽ നിപാ ബാധയുള്ളതായി മെയ‌് 20ന‌് ഡൽഹിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ‌് മെഡിക്കൽ റിസർച്ച‌് (ഐസിഎംആർ) പ്രഖ്യാപിച്ചു.

ആളൊഴിഞ്ഞ നാട്‌
പിന്നീട‌് ഭീതിയുടെ നാളുകളായിരുന്നു. കോഴിക്കോട്ട‌് ആളുകൾ പുറത്തിറങ്ങാൻ  ഭയന്നു. ആശുപത്രികളിലും ബസുകളിലും ജനം കുറഞ്ഞു. സൂപ്പിക്കടയിൽ പലരും വീടൊഴിഞ്ഞു. പലതരത്തിലുള്ള പ്രചാരണങ്ങൾ വ്യാപിച്ചതോടെ ഓരോ ഘട്ടങ്ങളിലും ആരോഗ്യവിഭാഗം ഫലപ്രദമായി ഇടപെട്ട‌് ജീവിതം സാധാരണഗതിയിലാക്കി. ഇതിനിടയിൽ മൂസയും സഹോദരന്റെ ഭാര്യ മറിയവും നിപാ ബാധിച്ച‌് മരിച്ചിരുന്നു. സാബിത്തിനെ പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ പരിചരിച്ച സിസ‌്റ്റർ ലിനിയുടെ വേർപാടും നാടിന‌് തീരാവേദനയായി. മൃതദേഹങ്ങൾ പോലും വീട്ടുകാർക്ക‌് വിട്ടുനൽകാൻ സാധിക്കുമായിരുന്നില്ല.

മുന്നിൽ നിന്ന നേതൃത്വം
നിപാ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ‌്  കോഴിക്കോട‌് കേന്ദ്രീകരിച്ച‌് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ‌് നടത്തിയത‌്. മന്ത്രിമാരായ  കെ കെ ശൈലജയും ടി പി രാമകൃഷ‌്ണനും നേതൃത്വം നൽകി. നിപാ ബാധിച്ച‌് മരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയവരും ഈ സമയങ്ങളിൽ ആശുപത്രിയിൽ പോവുകയും ചെയ‌്ത രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കി. രോഗവ്യാപനം തടയുകയായിരുന്നു ലക്ഷ്യം. അത‌്‌ വിജയിച്ചു.

വൈറസിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു മറ്റൊരു വെല്ലുവിളി. പ്രാണികളെ  ഭക്ഷിക്കുന്നതും, പഴംതീനികളുമായ രണ്ട‌് തരം വവ്വാലുകളെ സൂപ്പിക്കടയിൽനിന്ന‌് പിടികൂടി സാമ്പിൾ പരിശോധനക്ക‌് അയച്ചു. പഴംതീനി വവ്വാലിൽ വൈറസിനെ കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചു.

കോഴിക്കോട്ടും മലപ്പുറത്തുമായി 17പേരാണ‌് നിപാ ബാധിച്ച‌് മരിച്ചത‌്. മലേഷ്യയിലും ബംഗ്ലാദേശിലും നിപാ പടർന്നപ്പോൾ നൂറുകണക്കിനാളുകളാണ‌് മരണത്തിന‌് കീഴടങ്ങിയത‌്. ഇന്ത്യയിൽ വൈറസ‌് ബാധ ഉണ്ടായ ബംഗാളിലെ സിലിഗുരിയിൽ 45 പേരും നാദിയയിൽ  അഞ്ച‌് പേരും മരിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top