31 March Friday

കായലിലും പുഴയിലും ഉപ്പ്; നാടന്‍മീനുകള്‍ നാടുനീങ്ങുന്നു

അഞ്ജുനാഥ്Updated: Monday Mar 20, 2017


കൊച്ചി > നദികളില്‍ ഒഴുക്കു കുറയുകയും കായലില്‍ ഉപ്പ് വര്‍ധിക്കുകയും ചെയ്തതോടെ നാടന്‍മീനുകള്‍ ഭീഷണിയുടെ വക്കില്‍. സംസ്ഥാനത്തെ ഉള്‍നാടന്‍ മീന്‍പിടിത്തമേഖല പ്രതിസന്ധിയിലുമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യലഭ്യത വളരെ കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.  പരല്‍വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ വംശനാശത്തിലായി. 'ക്യാറ്റ്ഫിഷ്' വംശത്തില്‍പ്പെട്ട കാരി, കൂരി, മുഷി തുടങ്ങിയവ അപൂര്‍വമായി.

കേരളത്തില്‍ ഉള്‍നാടന്‍ മീനുകള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന വേമ്പനാട്ടുകായലില്‍ ഉപ്പിന്റെ അംശം ഏറിയതാണ് മത്സ്യലഭ്യത കുറയാന്‍ പ്രധാന കാരണം. തണ്ണീര്‍മുക്കം ബണ്ടിന് വടക്കുഭാഗത്ത് വൈക്കം കായലില്‍ ഉപ്പിന്റെ അംശം 11 ശതമാനത്തില്‍ താഴെയായിരുന്നു. ഈ വര്‍ഷം 17 ശതമാനമായി. പനങ്ങാട് ഭാഗത്ത് 22 ശതമാനംവരെയാണ് ഉപ്പിന്റെ അംശമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പഠനത്തില്‍ കണ്ടെത്തിയിരുന്നു. കായലില്‍ എത്തിച്ചേരുന്ന നദികളില്‍ വേനല്‍ കടുത്തതോടെ ഒഴുക്ക് കുറഞ്ഞു. ഇതാണ് കടല്‍ജലം കൂടുതല്‍ കയറി ഉപ്പുരസം കൂടാന്‍ കാരണം. പുഴകളിലേക്കും ഉപ്പുവെള്ളം കയറുന്നത് വര്‍ധിച്ചു. ഇത് പെരിയാര്‍, ചാലക്കുടിപ്പുഴ, മൂവാറ്റുപുഴയാറ്  തുടങ്ങി മധ്യകേരളത്തിലെ പ്രധാന നദികളിലെ മത്സ്യസമ്പത്തിനും കടുത്ത ഭീഷണിയായി. ഇതുമൂലം മത്സ്യങ്ങള്‍ നദിയുടെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കും തോടുകളിലേക്കും കടന്നു.

ഉപ്പിന്റെ നേരിയ അംശംപോലും സഹിക്കാന്‍കഴിയാത്ത കുറുവ, മഞ്ഞക്കൂരി തുടങ്ങിയ മത്സ്യങ്ങള്‍ വന്‍തോതില്‍ നശിക്കാന്‍ തുടങ്ങി. വംശനാശഭീഷണി നേരിടുന്ന ഇനമാണിത്. 2000ല്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം ലക്ഷക്കണക്കിന് മഞ്ഞക്കൂരി കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് വേമ്പനാട്ടുകായലിലും നദികളിലും നിക്ഷേപിച്ചിരുന്നതായി  കുട്ടനാട് അന്താരാഷ്ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പത്മകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥ ഗുരുതരമാണ്. ഉപ്പുവെള്ളം കയറാതിരിക്കാന്‍ പുഴകളില്‍ മുട്ട് ഇടുന്നതും മീനുകള്‍ക്ക് ഭീഷണിയാണ്. മീനുകളുടെ സഞ്ചാരപഥം തടസ്സപ്പെടുത്താതിരിക്കാന്‍ മുട്ടുകള്‍ക്കും ബണ്ടുകള്‍ക്കും സമീപം 'ഫിഷ് ലാഡര്‍' സ്ഥാപിക്കലാണ് വിദേശരാജ്യങ്ങളിലെ രീതി. തണ്ണീര്‍മുക്കം ബണ്ടിനടുത്ത് ഇതു സ്ഥാപിക്കണമെന്ന ശുപാര്‍ശ വര്‍ഷങ്ങള്‍ക്കുമുമ്പേ ഉണ്ട്.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിലവില്‍വന്നതും വേമ്പനാട്ടുകായലില്‍ ഉപ്പ് വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് ഡോ. കെ ജി പത്മകുമാര്‍ പറഞ്ഞു. ഇവിടെ ഡ്രഡ്ജ്ചെയ്ത് ആഴംകൂട്ടിയ ഭാഗത്ത് ഉപ്പുരസം കൂടിയ കടല്‍വെള്ളം കയറി കെട്ടിക്കിടക്കും. ഒഴുക്കു കുറയുന്ന വേനല്‍ക്കാലത്ത് കടല്‍വെള്ളം കായലിന്റെ മറ്റു ഭാഗത്തേക്ക് അതിവേഗം വ്യാപിക്കും. ഇതേപ്പറ്റി കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഡോ. കെ ജി പത്മകുമാര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top