04 June Thursday

വ്യാജ വെടിയുണ്ട വച്ചത്‌ ചെന്നിത്തലയുടെ കാലത്ത്‌ ; മുഴുവൻ വ്യാജ വെടിത്തിരയും ക്രൈംബ്രാഞ്ച്‌ പിടിച്ചെടുത്തു

റഷീദ‌് ആനപ്പുറംUpdated: Thursday Feb 20, 2020

വ്യാജനും യഥാർഥ വെടിത്തിരയും ഫോട്ടോ /എ ആർ അരുൺ രാജ്‌

തിരുവനന്തപുരം
സംസ്ഥാന സായുധ പൊലീസ്‌ (എസ്‌എപി) ബറ്റാലിയനിലെ ആയുധപ്പുരയിൽ വ്യാജ വെടിത്തിര വച്ച്‌ തട്ടിപ്പുനടത്തിയത്‌ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ. 2014ലാണ്‌  ഈ വൻ തട്ടിപ്പ്‌. കാണാതായ 385 യഥാർഥ വെടിത്തിരക്കു പകരം 350 വ്യാജൻ  കൊണ്ടുവയ്‌ക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. മുഴുവൻ വ്യാജ വെടിത്തിരയും ക്രൈംബ്രാഞ്ച്‌ പിടിച്ചെടുത്തു.

യഥാർഥ വെടിത്തിരയിൽ സീരിയൽ നമ്പരുണ്ട്‌. വ്യാജനിൽ ഇതില്ല. രണ്ടിന്റെ കളറും വ്യത്യാസമുണ്ട്‌. പൊലീസ്‌ ട്രെയ്‌നികൾക്ക്‌ തിര നിറയ്‌ക്കാനും അത്‌ മാറ്റാനും പഠിപ്പിക്കുന്ന ഒമ്പത്‌ എംഎം ഡ്രിൽ വെടിയുണ്ടയാണിത്‌. ഇതിൽ സ്‌ഫോടകവസ്‌തു ഉണ്ടാകില്ല. എങ്കിലും മറ്റ്‌ വെടിയുണ്ടകളുടെ അതേ നിയമമാണ്‌ ഇത്‌ കൈകാര്യം ചെയ്യാനും. ഉപയോഗിച്ചതിന്റെ വെടിത്തിര  തിരികെ നൽകണം. സീരിയൽ നമ്പരും രേഖപ്പെടുത്തണം.  പിടിക്കപ്പെട്ടതോടെ വ്യാജനുണ്ടാക്കി കൊണ്ടുവച്ചു. എന്നാൽ, നമ്പരും മറ്റ്‌ അടയാളങ്ങളും  പതിക്കാൻ വിട്ടുപോയി.

യുഡിഎഫ്‌ ഭരണകാലത്ത്‌ തൃശൂർ പൊലീസ്‌ അക്കാദമിയിൽ 200 വെടിയുണ്ട കാണാതായ സംഭവം പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച്‌ ബറ്റാലിയൻ ഡിഐജി നൽകിയ റിപ്പോർട്ട്‌ അന്ന്‌ ആഭ്യന്തര വകുപ്പ്‌ മുക്കി. ഇതോടൊപ്പമാണ്‌ വ്യാജ വെടിത്തിര സംബന്ധിച്ച അന്വേഷണ റിപ്പോർട്ടും പൂഴ്‌ത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top