27 February Thursday
ലോഗോ പ്രകാശനം ചെയ്തു

ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

കേരള ബാങ്ക്‌ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

സ്വന്തം ലേഖകൻ
ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്കിലുണ്ടാകുന്ന റിസർവ്‌ ബാങ്ക്‌ നിയന്ത്രണത്തെ ഭയപ്പെടുന്നത്‌ വഴിവിട്ട നീക്കങ്ങൾ ആഗ്രഹിക്കുന്നവരാണ്‌. സർക്കാരിന്‌ ഇക്കാര്യത്തിൽ ഒരു ആശങ്കയുമില്ല.  21 പൊതുമേഖലാ ബാങ്കുകളും 19 സ്വകാര്യ വാണിജ്യ ബാങ്കുകളും ഗ്രാമീണ ബാങ്കും രണ്ട്‌ സ്‌മോൾ ഫിനാൻസ്‌ ബാങ്കുകളും ഉൾപ്പെടുന്ന കേരളത്തിലെ ബാങ്കിങ്‌ മേഖലയ്‌ക്ക്‌ കേരള ബാങ്ക്‌ ബദലാകും.


 

കേരള ബാങ്ക്‌ രൂപീകരണം വായ്‌പാമേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുത്തുമെന്നത്‌ പൊള്ളയായ വാദമാണ്‌.  സഹകരണ നിയമവും ചട്ടങ്ങളും പൂർണമായും പാലിച്ചാണ്‌ കേരള ബാങ്ക്‌ പ്രവർത്തിക്കുക. ഇത്‌ സഹകരണസ്വഭാവം നഷ്ടപ്പെടുത്തുകയല്ല, കൂടുതൽ ശക്തപ്പെടുത്തുകയാണ്‌ ചെയ്യുക. കേരള ബാങ്ക്‌ സഹകരരണ നിയമത്തിൻകീഴിൽ പ്രവർത്തിക്കുന്ന ബാങ്കായിരിക്കുമെന്ന്‌ ഉറപ്പുവരുത്തണമെന്നത്‌ റിസർവ്‌ ബാങ്കിന്റെ അനുമതിവ്യവസ്ഥകളിൽ പ്രധാനപ്പെട്ടതാണ്‌.

കേരള ബാങ്കിലൂടെ കൂടുതൽ മെച്ചപ്പെട്ട ബാങ്കിങ്‌ സേവനങ്ങൾ കേരളത്തിലെ ജനങ്ങൾക്ക്‌ ലഭ്യമാകും.  കാലതാമസമില്ലാതെ കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക്‌ വളരും.   ഇതിന്‌ സംസ്ഥാനതാൽപ്പര്യങ്ങളും സംരക്ഷിക്കാനാകും. കാർഷിക വായ്‌പ അടക്കം പടിപടിയായി ഉയർത്താനാകും. നാടിന്റെ സമ്പത്ത്‌ ഇവിടെത്തന്നെ വിനിയോഗിക്കാനാകും. ഇത്‌ പ്രാദേശികവികസനത്തിന്‌ വലിയ സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.

 


പ്രധാന വാർത്തകൾ
 Top