തിരുവനന്തപുരം
തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരൻ ഇ ബാലാനന്ദന് നാടിന്റെ സ്മരണാഞ്ജലി. ആഗോളവൽക്കരണ നയങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ നേതൃപരമായ പങ്ക് വഹിച്ച പ്രിയ നേതാവിന്റെ ഓർമ പുതുക്കാൻ സംസ്ഥാനത്തെങ്ങും തൊഴിലാളികളും സിപിഐ എം പ്രവർത്തകരും ഒത്തുകൂടി. സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്ററിൽ സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ പതാക ഉയർത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്മാരക മന്ദിരത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. ദേശാഭിമാനി ആസ്ഥാനത്ത് റസിഡന്റ് എഡിറ്റർ പി എം മനോജ് പതാക ഉയർത്തി.
ഇ ബാലാനന്ദന്റെ ചരമവാർഷികദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം ഓഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണപരിപാടികൾ സംഘടിപ്പിച്ചു. ഇ ബാലാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ അസോസിയേറ്റ് എഡിറ്റർ സി ശ്രീകുമാർ പതാക ഉയർത്തി.
സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. അനുസ്മരണയോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സി കെ പരീത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ സംസാരിച്ചു. വി എ സക്കീർഹുസൈൻ സ്വാഗതവും കെ ടി എൽദോ നന്ദിയും പറഞ്ഞു. പി രാജീവ്, എം എം ലോറൻസ്, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്മണി, സി കെ മണിശങ്കർ, ജോൺ ഫെർണാണ്ടസ് എംഎൽഎ, എസ് സതീഷ്, കെ എൻ ഗോപിനാഥ്, വി സലിം തുടങ്ങിയവർ പങ്കെടുത്തു.