14 December Saturday
എറണാകുളത്തിന്റെ കോട്ടകൾ പൊളിച്ച്‌ പാലക്കാട്‌

കേൾക്കാം, പാലക്കാട്‌ ; സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ 153.33 പോയിന്റുമായാണ്‌ ഒന്നാമത്‌.

അജിൻ ജി രാജ്‌Updated: Tuesday Nov 19, 2019

സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ തലീത്ത കുമ്മി സുനിൽ റെക്കോഡിലേക്ക്‌ ഫോട്ടോ: ജഗത്‌ലാൽ


കണ്ണൂർ
ഇരമ്പം കേൾക്കാം. എറണാകുളത്തിന്റെ കോട്ടകൾ പൊളിച്ച്‌ പാലക്കാട്‌ വരുന്നു.  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ 153.33 പോയിന്റുമായാണ്‌ പാലക്കാട്‌ ഒന്നാമത്‌.  നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തിന്‌ 129.33 പോയിന്റാണ്‌. 24 പോയിന്റ്‌ ലീഡ്‌. ഇതിനുമുമ്പ്‌  2012ലും 2016ലും എറണാകുളത്തെ പിന്തള്ളിയ ചരിത്രം പാലക്കാടിനുണ്ട്‌. എറണാകുളത്തിന്‌ കഴിഞ്ഞ രണ്ടു തവണയടക്കം  പതിമൂന്ന്‌ കിരീടം.    അവസാന ദിനമായ ചൊവ്വാഴ്‌ച 200 മീറ്ററടക്കം 23 ഫൈനലാണ്‌.

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയത്തിൽ ഒറ്റ പോയിന്റിന്റെ അകലത്തിൽ രണ്ടാമതായിരുന്ന പാലക്കാട്‌  മൂന്നാംദിനം ട്രാക്ക്‌ വാണു.  16 സ്വർണവും 18 വെള്ളിയും 11 വെങ്കലവുമാണ്‌  സമ്പാദ്യം. 17 സ്വർണം, 12 വെങ്കലം, 9 വെങ്കലം എന്നിങ്ങനെയാണ്‌ എറണാകുളത്തിന്റെ നില. ചാമ്പ്യൻ സ്‌കൂളാകാനും  ഇഞ്ചിനിഞ്ച്‌ പോരാട്ടമാണ്‌. കുമരംപുത്തൂർ കല്ലടി എച്ച്‌എസാണ്‌ ഒന്നാമത്‌ (48.33). തൊട്ടുപിന്നിൽ കോതമംഗലം മാർബേസിൽ എച്ച്‌എസ്‌എസും (46.33). സ്‌പോർട്‌സ്‌ ഹോസ്റ്റൽ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജയാണ്‌ (22) മുന്നിൽ.

മൂന്നാം ദിനം അഞ്ച്‌ മീറ്റ്‌ റെക്കോഡുകളാണ്‌ പിറന്നത്‌.  സബ്‌ ജൂനിയർ ആൺകുട്ടികളുടെ 4x100 റിലേയിൽ വയനാട്‌ പതിനെട്ട്‌ വർഷമുള്ള റെക്കോഡ്‌ തിരുത്തി. സബ്‌ ജൂനിയർ പെൺകുട്ടികളിലെ ഷോട്ട്‌പുട്ടിൽ മാർബേസിലിലെ ഹെനിൻ എലിസബത്തും ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എംഎ കോളേജ്‌ സ്‌പോർട്‌സ്‌ ഹോസ്റ്റൽ മാതിരപള്ളിയിലെ ബ്ലെസ്സി ദേവസ്യയും പുതിയ ദൂരം കുറിച്ചു. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ്‌ പുല്ലൂരാംപാറയിലെ തലീത്ത കുമ്മി സുനിലും മൂന്ന്‌ കിലോമീറ്റർ നടത്തയിൽ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്‌എസ്‌എസിലെ നന്ദന ശിവദാസും റെക്കോഡിട്ടു. ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ മണിപ്പൂരി ബാലൻ വാങ്മയൂം  മുഖാറം  ട്രിപ്പിൾ സ്വർണം നേടി.


പ്രധാന വാർത്തകൾ
 Top