13 December Friday

സ്ത്രീകള്‍ നീതിക്കായി അലയുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019


കൊച്ചി
വിവാഹിതരോ വിവാഹമോചിതരോ ആയ സ്ത്രീകൾ നീതി തേടി അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കോടതികൾക്കുണ്ടെന്ന് ഹൈക്കോടതി. ഭർത്താവിൽനിന്ന് ജീവനാംശം തേടി എറണാകുളം വടുതല സ്വദേശിനി പത്ത് വർഷംമുമ്പ് കുടുംബകോടതിയിൽ നൽകിയ ഹർജി വീണ്ടും പരിഗണിച്ച് തീർപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിരീക്ഷണം.

2009ൽ എറണാകുളം കുടുംബകോടതിയിൽ ജീവനാംശം തേടി ഹർജി നൽകിയെങ്കിലും കേസ് തുടരാനാകാത്തതിനാൽ തള്ളിയിരുന്നു. എന്നാൽ, കേസ് തുടരേണ്ടത് അനിവാര്യമായപ്പോൾ നേരത്തെ നൽകിയ കേസ് വീണ്ടും പരിഗണിക്കാനായി കുടുംബകോടതിയിൽ അപേക്ഷ നൽകി. ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2004ൽ വിദേശത്തേക്ക് പോയ ഭർത്താവ് ആദ്യം ഒരു ഇറാനി യുവതിക്കൊപ്പവും പിന്നീട് ഫിലിപ്പൈൻസ് യുവതിക്കൊപ്പവും നിയമവിരുദ്ധ വിവാഹേതര ബന്ധം പുലർത്തി കഴിയുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എൻജിനിയറിങ്‌ ഡിപ്ലോമയുള്ള ഇടുക്കി തങ്കമണി സ്വദേശിയായ ഭർത്താവ് ദുബായിൽ രണ്ടരലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജീവനാംശം അനുവദിക്കണമെന്നും ഇടക്കാലാശ്വാസമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. കുടുംബകോടതിയിൽ നേരത്തെ നൽകിയ ഹർജി സാമ്പത്തിക ബുന്ധിമുട്ടുമൂലമാണ് തുടരാൻ കഴിയാതിരുന്നതെന്നും വാദിച്ചു.

സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കോടതികൾക്ക്, പ്രത്യേകിച്ച് കുടുംബകോടതികൾക്ക് ബാധ്യതയുണ്ടെന്ന് വാദം കേട്ട ഹൈക്കോടതി പറഞ്ഞു. ഹർജിക്കാരി നൽകിയ കുടുംബകോടതിയിലുള്ള കേസുകൾ പുനർപരിഗണിച്ച് ഇരു കക്ഷികളേയും കേട്ട ശേഷം ആറ് മാസത്തിനകം ഉചിതമായി തീർപ്പാക്കണമെന്നും തുടർന്ന് ഉത്തരവിട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top